ലക്ഷദ്വീപിലേക്ക് ടൂര്‍ പോവാന്‍ സാധിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല; മോദിക്കെതിരെ വിമര്‍ശനവുമായി ഖാര്‍ഗെ
Kerala News
ലക്ഷദ്വീപിലേക്ക് ടൂര്‍ പോവാന്‍ സാധിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല; മോദിക്കെതിരെ വിമര്‍ശനവുമായി ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 8:11 pm

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ലോക രാഷ്ട്രങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ പോയി പ്രസംഗിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ടെന്നും മണിപ്പൂരില്‍ സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തിന് സമയമില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാ ജനസഭ വിളംബര ജാഥയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നിനും സമയമില്ലാത്ത മോദിക്ക് ലക്ഷദ്വീപിലേക്ക് ടൂര്‍ പോവാന്‍ കഴിയുന്നുണ്ടെന്നും ഖാര്‍ഗെ പരിഹസിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം തിരിച്ചറിയണമെന്നും മതത്തിന്റെ പേരില്‍ വോട്ടു വാങ്ങാനെത്തുന്നവര്‍ സ്ത്രീ വിരുദ്ധരാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ മണിക്കൂറിലും 51 സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് അതിക്രമങ്ങള്‍ നടക്കുന്നുവെന്നാണ് കണക്കുകള്‍ എന്നും ആ അക്രമികളെ എന്‍.ഡി.എ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

മണിപ്പൂരിലെ അതിക്രമങ്ങള്‍ രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ടുവെന്നും സംസ്ഥാനം അരക്ഷിതാവസ്ഥ നേരിടുമ്പോഴും പ്രധാനമന്ത്രിക്ക് പോകാന്‍ കഴിയാതിരുന്ന മണിപ്പൂരിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പോയെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതല്‍ ബാധിച്ചെതന്നും ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ, പൊതു സഹകരണ മേഖലകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന സമ്പദ്ഘടനയാണ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്തതെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്കും ധനികര്‍ക്കുമായി കോടാനുകോടി കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തളളുന്നുവെന്നും ധനികര്‍ക്കാണ് സര്‍ക്കാര്‍ സബ് സിഡി നല്‍കുന്നതെന്നും ഖാര്‍ഗെ വിമര്‍ശനം ഉയര്‍ത്തി.

കേരളത്തിലെ കലാലയങ്ങളില്‍ ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്ത് നിന്ന് അതിക്രമം വര്‍ധിക്കുന്നുവെന്നും അവയെ തുറന്ന് കാണിക്കുക എന്നത് കോണ്‍ഗ്രസിന്റെ കടമയാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമാണ് തങ്ങളുടേതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Content Highlight: Kharge criticized Modi in Thrissur