ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്തിനുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ആര്‍.എ (നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി) രൂപീകരിച്ചതെന്ന് ഖാര്‍ഗെ ചോദിച്ചു. എന്‍.ആര്‍.ഐയ്ക്ക് പിന്നില്‍ നടക്കുന്നത് വലിയ അഴിമതിയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
2020 ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ആര്‍.എ രൂപീകരിക്കുന്നത്. സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റിനായാണ് കേന്ദ്രം എന്‍.ആര്‍.എ രൂപീകരിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ യുവാക്കള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
‘കോടിക്കണക്കിന് യുവാക്കള്‍ക്ക് എന്‍.ആര്‍.എ ഒരു അനുഗ്രഹമായി മാറും. കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ, എന്‍.ആര്‍.എ ഒന്നിലധികം പരീക്ഷകള്‍ ഒഴിവാക്കുകയും വിലയേറിയ സമയവും വിഭവങ്ങളും ലാഭിക്കുകയും ചെയ്യും. എന്‍.ആര്‍.എ സുതാര്യതയ്ക്ക് കൂടുതല്‍ ഉത്തേജനവും നല്‍കും,’ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
എന്നാല്‍ നിലവില്‍ രാജ്യത്തെ യുവാക്കള്‍ നേരിടുന്ന പ്രതിസന്ധികളെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനോട് ഖാര്‍ഗെ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.
ഒന്നാമത്തേത്, എന്തുകൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷമായി എന്‍.ആര്‍.എ ഒരു പരീക്ഷ പോലും നടത്താതിരുന്നത് ?
രണ്ടാമത്തേത്, 1,51,757 കോടി രൂപ ഫണ്ട് നല്‍കിയിട്ടും നാല് വര്‍ഷത്തിനിടെ എന്‍.ആര്‍.എ 58 കോടി രൂപ മാത്രം ചെലവഴിച്ചത് എന്തുകൊണ്ട്?
എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് യുവാക്കളുടെ സംവരണാവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ വേണ്ടി എന്‍.ആര്‍.എയെ ബോധപൂര്‍വം നിഷ്‌ക്രിയമാക്കിയിരുന്നോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം.
നാല് വര്‍ഷത്തിനിടെ ഒരു പരീക്ഷ പോലും എന്‍.ആര്‍.എ നടത്തിയിട്ടില്ല. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം നിഷേധിക്കപ്പെടുന്നതിനായി ഏജന്‍സിയെ കേന്ദ്രം നിഷ്‌ക്രിയമാക്കിയോ എന്നാണ് ഖാര്‍ഗെ ചോദിക്കുന്നത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കോടിക്കണക്കിന് രൂപ ഫണ്ട് ലഭിച്ചിട്ടും തുച്ഛമായ തുകയാണ് ഏജന്‍സി ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്. അത് എന്തിന് വേണ്ടിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടില്ലെന്ന് ഖാര്‍ഗെ പറയുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ എന്‍.ടി.എയും പരീക്ഷകള്‍ നടത്താതെ എന്‍.ആര്‍.എയും ക്രമക്കേട് നടത്തുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും യുവാക്കളുടെ ജീവിതവും ഇല്ലാതാക്കുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എന്‍.ആര്‍.എയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ ജോബ് ഇന്റര്‍വ്യൂവിനിടെ ഉണ്ടായ തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വന്‍ വിവാദമായിരുന്നു. സംഭവത്തില്‍, തൊഴിലില്ലായ്മാ രോഗം ഇന്ത്യയില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
Content Highlight: Kharge asked why central government formed NRA (National Recruitment Agency)