| Wednesday, 24th April 2024, 10:42 am

രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തനിക്ക് അഞ്ച് കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളര്‍ത്തിയത്. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടുപോകേണ്ടതെന്ന് മോദി പരിഗണിക്കണം,’ ഖാര്‍ഗെ പറഞ്ഞു.

തൊഴിലില്ലായ്മായാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇതിനെ കുറിച്ച് മിണ്ടാന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖനിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഒന്നും ചെയ്യാത്ത ആളാണെന്നും 18 വര്‍ഷം എം.പി ആയിരുന്നിട്ടും കര്‍ണാടകയില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നാണ് ഖാര്‍ഗെ പറഞ്ഞത്.

രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് എഴുതി നല്‍കുമെന്നാണ് മോദി പ്രസംഗിച്ചത്.

കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് വീതിച്ച് നല്‍കുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Content Highlight:  Kharge against Modi’s hate speech

We use cookies to give you the best possible experience. Learn more