ആലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് ചേപ്പാട് സംഘടിപ്പിച്ച കൂട്ട മതംമാറ്റപരിപാടിയില്‍ മതംമാറിയവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണെന്ന് രേഖകള്‍. ഇതു സംബന്ധിച്ച രേഖകള്‍ ഇന്ത്യാവിഷന്‍ ചാനലാണ് പുറത്തുവിട്ടത്.
ഇവരുടെ മാതാപിതാക്കള്‍ ക്രിസ്തുമത വിശ്വാസികളായിരുന്നെങ്കിലും വര്‍ഷങ്ങളായി ഇവര്‍ ജീവിക്കുന്ന ഹിന്ദുമത വിശ്വാസികളായാണ്. ഹിന്ദുമത ആചാര പ്രകാരമാണ് ഇവര്‍ വിവാഹം കഴിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇവരെയാണ് ഹിന്ദുമതത്തില്‍ തിരികെയെത്തിച്ചതായി വിശ്വ ഹിന്ദു പരിഷത്ത് അവകാശപ്പെടുന്നത്.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ചേപ്പാട് കൂട്ടത്തോടെ ഹിന്ദുമതത്തില്‍ ചേര്‍ന്നവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഹിന്ദുമതത്തിലേക്ക് പുനപരിവര്‍ത്തനം ചെയ്തവരായിരുന്നു. 20 വര്‍ഷമായി കെ.പി.എം.എസിന്റെ പ്രവര്‍ത്തകനായ ബാബുവും മറ്റൊരു പ്രവര്‍ത്തകനായ സജീവും കഴിഞ്ഞദിവസം നടന്ന മതംമാറിയവരില്‍പ്പെടുന്നു.
ഇതില്‍ ബാബു 1992 ഒക്ടോബര്‍ 20ന് ഹിന്ദുമതം സ്വീകരിച്ചയാളാണ്. 2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ചെട്ടികുളങ്ങര ക്ഷേത്രത്തിലുള്ള ദേവസ്വം കമ്മീഷണറില്‍ നിന്നും സാക്ഷ്യപത്രവും സ്വീകരിച്ചു. കെ.പി.എം.എസിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ജി. ബാബു നിലവില്‍ കെ.പി.എം.എസിന്റെ 1531ാം നമ്പര്‍ ശാഖാ പ്രസിഡന്റ് കൂടിയാണെന്ന് ഇന്ത്യാ വിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.പി.എം.എസ് 1867ാം നമ്പര്‍ ശാഖയുടെ സെക്രട്ടറിയായ സജീവിന്റെ വിവാഹം നടന്നത് ഹിന്ദു മത ആചാര പ്രകാരമാണ്. കാണിച്ചനല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവക്കമ്മിറ്റി ഭാരവാഹിയായിരുന്നു സജീവ്.