ഉത്തര്‍പ്രദേശ്: പുതിയ നിര്‍ദേശങ്ങളും തീരുമാനങ്ങളുമായി ദാദ്രിയിലെ സംഘ്‌വാന്‍ ഖാപ്പ് പഞ്ചായത്ത്. ഇനി മുതല്‍ പൊതുയിടത്തെ മദ്യപാനം ദാദ്രിയില്‍ അനുവദിക്കില്ല. അതുപോലെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് വെടിയുതിര്‍ത്തുകൊണ്ടുള്ള ആഘോഷപ്രകടനങ്ങളും അനുവദിക്കില്ല. ഇതിനൊപ്പം വലിയ ശബ്ദത്തിലുള്ള ഗാനങ്ങളും ഡി.ജെ പാര്‍ട്ടികളും പാടില്ലെന്നും ഖാപ്പ് പഞ്ചായത്ത് പറയുന്നു.
ജനുവരി 15 മുതലാണ് നിയമം നടപ്പില്‍ വരിക. 40 ഗ്രാമങ്ങളാണ് ഖാപ്പ് പഞ്ചായത്തിന് കീഴിലുള്ളത്. ദാദ്രിയിലെ ഖേരി ബോറ ഗ്രാമത്തിലെ സംഘ്‌വാന്‍ ഖാപ്പാണ് പുതിയ നിയമം കൊണ്ടുവന്നത്.
ഓരോരുത്തരുടേയും വീടുകളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ഞങ്ങള്‍ നോക്കാറില്ല. എന്നാല്‍ ഈപ്രദേശത്തെ ആരും പൊതുയിടത്ത് വെച്ച് ഇനി മുതല്‍ മദ്യപിക്കരുത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ഇനി മുതല്‍ അനുവദിനീയമല്ല.
ചിലയാളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യുവാക്കള്‍ തെറ്റായ സന്ദേശമാണ് ഇത് നല്‍കുക. അതുകൊണ്ട് തന്നെ ഇത് അനുവദിക്കാന്‍ കഴിയില്ല. ഓരോ പഞ്ചായത്തിലും ഇത് നീരിക്ഷിക്കാനായി പ്രത്യേക കമ്മിറ്റികള്‍ സ്ഥാപിക്കുമെന്നും സംഘ്‌വാന്‍ ഖാപ്പിലെ അധ്യക്ഷന്‍ ജോര്‍വാര്‍ സിങ് പറഞ്ഞു.
വിവാഹം പോലുള്ള ആഘോഷങ്ങളില്‍ വീടുകളില്‍ പാട്ടോ മേളമോ പാടില്ല. ഇത് ലംഘിക്കുന്നവര്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഖാപ്പ് പഞ്ചായത്ത് പറയുന്നു.
അടുത്തിടെ വിവിധയിടങ്ങളില്‍ നടന്ന ആഘാഷങ്ങള്‍ക്കിടെയുണ്ടാകുന്ന വെടിവെപ്പുകളില്‍ നിരവധിപേരുടെ ജീവനാണ് നഷ്ടമായതെന്നും ഈയൊരു സാഹചര്യത്തിലാണ് പൊതുയിടങ്ങളിലെ മദ്യപാനം നിര്‍ത്താലാക്കുന്നതെന്നുമാണ് ഖാപ്പ് പഞ്ചായത്തിന്റെ വാദം.
മോദി സര്‍ക്കാരിന്റെ പദ്ധതിയായ ബേഠി ബച്ചാവോ ബേട്ടി പഠാവോ ബേട്ടി ഖിലാവോ എന്ന മുദ്രാവാക്യം ഗ്രാമത്തിലെ ഓരോരുത്തരും പിന്തുടരണമെന്നും ഖാപ്പ് പഞ്ചായത്ത് പറയുന്നു.