| Tuesday, 9th July 2024, 11:05 am

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്, പ്രണയ വിവാഹം; ഹിന്ദു വിവാഹ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവുമായി ഹരിയാന ഖാപ് പഞ്ചായത്ത് പ്രതിനിധികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഒരേ ജാതിയിൽ നിന്നുള്ള ദമ്പതികളുടെ വിവാഹം നിരോധിക്കുന്നതിനും ലിവ് ഇൻ റിലേഷൻഷിപ് നിരോധിക്കുന്നതിനും ഹിന്ദു വിവാഹ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ഖാപ് പഞ്ചായത്തുകളുടെ (പരമ്പരാഗത ജാതി അടിസ്ഥാനമാക്കിയുള്ള കൗൺസിലുകൾ) പ്രതിനിധികൾ. ഹരിയാനയിൽ ദുരഭിമാന കൊലകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഖാപ് പ്രതിനിധികൾ ഇത്തരമൊരു നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടത്.

പ്രണയ വിവാഹം നടത്തുന്നതിനുള്ള ചുരുങ്ങിയ പ്രായ പരിധി 18 വയസ്സാക്കാനും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാവിന്റെ സമ്മതം നിർബന്ധമാക്കാനുമുള്ള ആവശ്യങ്ങൾ നിവേദനത്തിൽ ഉണ്ട്.

ഖാപ് നേതാക്കൾ മെമ്മോറാണ്ടം സമർപ്പിച്ചതായും ആവശ്യങ്ങൾ നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഹരിയാന മുഖ്യമന്ത്രിയുടെ മീഡിയ കോർഡിനേറ്റർ അശോക് ഛബ്ര സ്ഥിരീകരിച്ചു.

മാലിക് ഖാപ് തലവൻ അശോക് മാലിക്, കൽകാൽ ഖാപ് തലവൻ രാജ്പാൽ കൽക്കൽ, ഹൂഡ ഖാപ് വക്താവ് ജഗ്വന്ത് ഹൂഡ, സട്രോൾ ഖാപ് വക്താവ് ഫൂൽ സിങ് പെത്വാഡ്, കദ്യാൻ ഖാപ് തലവൻ രാജ്പാൽ കദ്യാൻ, നന്ദൽ ഖാപ് തലവൻ ഓം പ്രകാശ് നന്ദ. റൂഹാൽ ഖാപിൻറെ തലവൻ ജയ്ഭഗവാൻ റൂഹാൽ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

‘ഹരിയാന സംസ്ഥാനത്തിന് വേണ്ടി മാത്രം ഹരിയാന സർക്കാർ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം ഇത് ഒരു ദേശീയ നിയമമാണ്, മറ്റ് ചില സംസ്ഥാനങ്ങളിലെ സ്ഥിതി ഹരിയാനയിലേതിന് സമാനമായിരിക്കില്ല,’ യോഗത്തിന് ശേഷം ഖാപ് പഞ്ചായത്ത് പ്രതിനിധികളിലൊരാൾ പറഞ്ഞു.

Also Read: അപ്പാനി രവിയായി ശ്രീനാഥ് ഭാസി, യൂ ക്ലാമ്പ് രാജനായി സൗബിന്‍, ഭീമനായി ടൊവിനോ, അങ്കമാലി ഡയറീസിന്റെ ആദ്യ കാസ്റ്റ് ഇങ്ങനെയായിരുന്നു: സഞ്ജു ശിവറാം

ഗാവ് (ഗ്രാമം), ഗുവന്ദ് (അയല്‍ ഗ്രാമം), ഗോത്രം ഇവ മൂന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഇവയ്ക്കുള്ളില്‍ നടക്കുന്ന വിവാഹങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഖാപ് നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഹിന്ദു വിവാഹ നിയമം അത്തരം വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലവിലെ 18 വയസ്സില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി തങ്ങള്‍ അറിഞ്ഞെന്നും എന്നാല്‍ നിലവിലെ പ്രായപരിധി തന്നെ നിലനിര്‍ത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി ഹരിയാനയില്‍ നിരവധി ദുരഭിമാനക്കൊലകളാണ് നടന്നത്. ഇത് ഹിന്ദു വിവാഹ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു. അല്ലാത്തപക്ഷം ഇത്തരം ദുരഭിമാനക്കൊലകള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമെന്നും കുടുംബാംഗങ്ങളില്‍ നിന്നുള്ളവർ ഇത്തരം പ്രവൃത്തികള്‍ക്ക് ഇരയാകേണ്ടി വരുമെന്നുമാണ് ഖാപ് പഞ്ചായത്ത് പറയുന്നത്.

ഹരിയാനയിലെ ഖാപ് പഞ്ചായത്തുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലിവ് ഇൻ റിലേഷന്‍ഷിപ്പുകള്‍ക്കെതിരായ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ വര്‍ഷങ്ങളായി ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതിയും ആവശ്യപ്പെടുന്നുണ്ട്.
പ്രത്യേകിച്ച് ഒരേ ഗ്രാമത്തിലോ അയല്‍ ഗ്രാമത്തിലോ ഉള്ളവര്‍ തമ്മില്‍. ഒരേ ഗോത്രത്തില്‍ പെട്ടവര്‍ അല്ലെങ്കില്‍ വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയ വിവാഹത്തിനും വിലക്കുണ്ട്.

‘നിര്‍ഭാഗ്യവശാല്‍, ഹിന്ദു വിവാഹ നിയമം രൂപപ്പെടുത്തുമ്പോള്‍, നമ്മുടെ പ്രദേശത്തിന്റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും അവഗണിക്കപ്പെട്ടു. ഇത് സാമൂഹിക തിന്മകളിലേക്കും സാമൂഹിക മാനദണ്ഡങ്ങളുടെ തകര്‍ച്ചയിലേക്കും നയിച്ചു, എന്നാണ് ഖാപ് പഞ്ചായത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

ഖാപ് പഞ്ചായത്തുകള്‍ സാമൂഹിക ഘടനയെ സംരക്ഷിക്കാന്‍ പാടുപെടുകയാണെന്നും അതിനാല്‍ ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതികള്‍ ആവശ്യമാണെന്നുമാണ് പറയുന്നത്.

കഴിഞ്ഞ മാസമാണ് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഹന്‍സിയില്‍ നവദമ്പതികളായ തേജ്വീര്‍ സിങ്ങും മീനയും പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചത്. പാര്‍ക്കിലെ ബഞ്ചില്‍ ഇരിക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ഇവരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതിനാല്‍ ദമ്പതികള്‍ വീടുവിട്ടിറങ്ങി വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും അകന്ന ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബത്തിലെ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജൂണ്‍ 18 ന്, മറ്റൊരു കേസില്‍ തന്റെ മൂത്ത സഹോദരിയെ സന്ദര്‍ശിക്കാനെന്ന വ്യാജേന ദമ്പതിമാരുടെ വീട്ടിലെത്തിയ ശേഷം അവരെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.

കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയ ഇയാള്‍ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തു. പിന്നാലെ പൊലീസില്‍ കീഴടങ്ങി. യുവതിയുടെ വീട്ടുകാരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.

ഗുര്‍ജാര്‍ സമുദായത്തില്‍ നിന്നുള്ള കോമള്‍ റാണി നാല് മാസം മുമ്പായിരുന്നു പട്ടികജാതി സമുദായത്തില്‍ നിന്നുള്ള അനില്‍ എന്നയാളെ വിവാഹം കഴിച്ചത്. ഇതിലുള്ള പകയായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

Content Highlight: Khaps ask Haryana CM to ban live-ins, amend law to restrict marriages in same ‘gaon, guvandh, gotra’

We use cookies to give you the best possible experience. Learn more