ചണ്ഡീഗഡ്: ഒരേ ജാതിയിൽ നിന്നുള്ള ദമ്പതികളുടെ വിവാഹം നിരോധിക്കുന്നതിനും ലിവ് ഇൻ റിലേഷൻഷിപ് നിരോധിക്കുന്നതിനും ഹിന്ദു വിവാഹ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ഖാപ് പഞ്ചായത്തുകളുടെ (പരമ്പരാഗത ജാതി അടിസ്ഥാനമാക്കിയുള്ള കൗൺസിലുകൾ) പ്രതിനിധികൾ. ഹരിയാനയിൽ ദുരഭിമാന കൊലകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഖാപ് പ്രതിനിധികൾ ഇത്തരമൊരു നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടത്.
പ്രണയ വിവാഹം നടത്തുന്നതിനുള്ള ചുരുങ്ങിയ പ്രായ പരിധി 18 വയസ്സാക്കാനും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാവിന്റെ സമ്മതം നിർബന്ധമാക്കാനുമുള്ള ആവശ്യങ്ങൾ നിവേദനത്തിൽ ഉണ്ട്.
ഖാപ് നേതാക്കൾ മെമ്മോറാണ്ടം സമർപ്പിച്ചതായും ആവശ്യങ്ങൾ നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഹരിയാന മുഖ്യമന്ത്രിയുടെ മീഡിയ കോർഡിനേറ്റർ അശോക് ഛബ്ര സ്ഥിരീകരിച്ചു.
മാലിക് ഖാപ് തലവൻ അശോക് മാലിക്, കൽകാൽ ഖാപ് തലവൻ രാജ്പാൽ കൽക്കൽ, ഹൂഡ ഖാപ് വക്താവ് ജഗ്വന്ത് ഹൂഡ, സട്രോൾ ഖാപ് വക്താവ് ഫൂൽ സിങ് പെത്വാഡ്, കദ്യാൻ ഖാപ് തലവൻ രാജ്പാൽ കദ്യാൻ, നന്ദൽ ഖാപ് തലവൻ ഓം പ്രകാശ് നന്ദ. റൂഹാൽ ഖാപിൻറെ തലവൻ ജയ്ഭഗവാൻ റൂഹാൽ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
‘ഹരിയാന സംസ്ഥാനത്തിന് വേണ്ടി മാത്രം ഹരിയാന സർക്കാർ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം ഇത് ഒരു ദേശീയ നിയമമാണ്, മറ്റ് ചില സംസ്ഥാനങ്ങളിലെ സ്ഥിതി ഹരിയാനയിലേതിന് സമാനമായിരിക്കില്ല,’ യോഗത്തിന് ശേഷം ഖാപ് പഞ്ചായത്ത് പ്രതിനിധികളിലൊരാൾ പറഞ്ഞു.
ഗാവ് (ഗ്രാമം), ഗുവന്ദ് (അയല്‍ ഗ്രാമം), ഗോത്രം ഇവ മൂന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഇവയ്ക്കുള്ളില്‍ നടക്കുന്ന വിവാഹങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഖാപ് നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഹിന്ദു വിവാഹ നിയമം അത്തരം വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലവിലെ 18 വയസ്സില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി തങ്ങള്‍ അറിഞ്ഞെന്നും എന്നാല്‍ നിലവിലെ പ്രായപരിധി തന്നെ നിലനിര്‍ത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി ഹരിയാനയില്‍ നിരവധി ദുരഭിമാനക്കൊലകളാണ് നടന്നത്. ഇത് ഹിന്ദു വിവാഹ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു. അല്ലാത്തപക്ഷം ഇത്തരം ദുരഭിമാനക്കൊലകള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമെന്നും കുടുംബാംഗങ്ങളില്‍ നിന്നുള്ളവർ ഇത്തരം പ്രവൃത്തികള്‍ക്ക് ഇരയാകേണ്ടി വരുമെന്നുമാണ് ഖാപ് പഞ്ചായത്ത് പറയുന്നത്.
ഹരിയാനയിലെ ഖാപ് പഞ്ചായത്തുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലിവ് ഇൻ റിലേഷന്‍ഷിപ്പുകള്‍ക്കെതിരായ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ വര്‍ഷങ്ങളായി ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതിയും ആവശ്യപ്പെടുന്നുണ്ട്.
പ്രത്യേകിച്ച് ഒരേ ഗ്രാമത്തിലോ അയല്‍ ഗ്രാമത്തിലോ ഉള്ളവര്‍ തമ്മില്‍. ഒരേ ഗോത്രത്തില്‍ പെട്ടവര്‍ അല്ലെങ്കില്‍ വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയ വിവാഹത്തിനും വിലക്കുണ്ട്.