ലക്നൗ: ഒരുജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പണത്തിനൊന്നും ഒരു അര്‍ത്ഥവുമില്ലെന്ന് ഗോരഖ്പൂര്‍ ആശുപത്രിയിലെ ഡോ. കഫീല്‍ ഖാന്‍. ഗോരഖ്പൂര്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചത് ഡോ. കഫീല്‍ ഖാന്റെ സമയോചിതമായ ഇടപെടലായിരുന്നു.
“പിടയുന്ന ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസത്തിനും സമ്പത്തിനും എന്ത് വിലയാണുള്ളത്. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പണത്തിന് ഒരര്‍ത്ഥവുമില്ല. എന്റെ മുന്നില്‍ കിടന്ന് കുരുന്നുജീവനുകള്‍ പൊലിഞ്ഞപ്പോള്‍ എനിയ്ക്ക് നിസഹായതയോടെ നോക്കി നില്‍ക്കാനേ പറ്റിയൊള്ളൂ.”
ദുരന്തവേളയില്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍ കാണിച്ച ധൈര്യവും മനസാന്നിധ്യവും കാരണമാണ് മരണസംഖ്യ ചെറുതായെങ്കിലും കുറയ്ക്കാനായത്. ദുരന്തമുണ്ടായഎന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനാണ് കഫീല്‍ ഖാന്‍. നിരവധി ജീവനുകളാണ് ഡോക്ടറുടെ ഇടപെടല്‍ കാരണം രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ മരണസംഖ്യ 48 മണിക്കൂറിനുള്ളില്‍ 36ലേറെയാകുമായിരുന്നെന്നാണ് ആശുപത്രിയിലുള്ള രക്ഷിതാക്കള്‍ പറയുന്നത്.
ആഗസ്റ്റ് 10ന് രാത്രി ആശുപത്രി പരിസരത്തെ സെന്‍ട്രല്‍ ഓക്സിജന്‍ പൈപ്പ്ലൈന്‍ ബീപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോഴേ കഫീല്‍ ഖാന് അപകടം മണത്തു. ഓക്സിജന്‍ കുറവാണെന്നതിന്റെ സൂചനയാണിത്. എമര്‍ജന്‍സി സിലിണ്ടറുകള്‍ വഴി വിതരണം പുനസ്ഥാപിക്കാം. പക്ഷെ അതുവെറും രണ്ടുമണിക്കൂര്‍ നേരത്തേക്ക് മാത്രം. അതിനുശേഷം എന്തു ചെയ്യണമെന്ന് ആര്‍ക്കും ഒരു രൂപവുമില്ലായിരുന്നു.
മസ്തിഷ്‌കവീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ തുടര്‍ച്ചയായി ഓക്സിജന്‍ വിതരണം ചെയ്താല്‍ മാത്രമേ കഴിയൂവെന്നു മനസിലാക്കിയ ഡോക്ടര്‍ ചില വിതരണക്കാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. കുടിശിക അടച്ചാല്‍ മാത്രമേ സിലിണ്ടര്‍ എത്തിക്കൂവെന്ന നിലപാടിലായിരുന്നു അവര്‍.
വിതരണക്കാരും കൈവിട്ടതോടെ ആശുപത്രി വൃത്തങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്നാല്‍ കഫീല്‍ ഖാന്‍ പ്രതീക്ഷ കൈവിട്ടില്ല. അദ്ദേഹം രണ്ട് ജീവനക്കാരെയും കൂട്ടി കാറുമായി സുഹൃത്തിന്റെ സ്വകാര്യ നഴ്സിങ് ഹോമിലേക്കു പോയി. അവിടെ നിന്നും മൂന്നു സിലിണ്ടറുകള്‍ വാങ്ങി.
ഓക്സിജന്‍ വിതരണം കുറഞ്ഞാല്‍ ആംബു ബാഗുകള്‍ പമ്പു ചെയ്തുകൊണ്ടിരിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും മറ്റും നിര്‍ദേശം നല്‍കിയശേഷമായിരുന്നു അദ്ദേഹം സിലിണ്ടറുകള്‍ തേടി പോയത്. മൂന്നു സിലിണ്ടറുകളും തന്റെ കാറില്‍ കയറ്റി അദ്ദേഹം ആശുപത്രിയില്‍ തിരിച്ചെത്തി. അരമണിക്കൂര്‍ കൂടി വിതരണം നിലനിര്‍ത്താന്‍ മാത്രമേ ഈ സിലിണ്ടറുകള്‍ കൊണ്ടു കഴിയൂവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
അപ്പോഴേക്കും സമയം പുലര്‍ച്ചെ ആറായിരുന്നു. മിക്ക കുട്ടികളും ഓക്സിജന്റെ അഭാവം കാരണം അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം വീണ്ടും കാറുമായി ആശുപത്രി വിട്ടു. അറിയാവുന്ന നഴ്സിങ് ഹോമുകളിലൊക്കെ കയറി ഇറങ്ങി. 12 ഓളം സിലിണ്ടറുകളുമായി തിരിച്ചെത്തി.
നാലുതവണയായാണ് അദ്ദേഹം ഇവ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ പ്രാദേശിക വിതരണക്കാരന്‍ പണം നല്‍കിയാല്‍ സിലിണ്ടര്‍ എത്തിക്കാമെന്ന് ഉറപ്പുനല്‍കിയതായി അറിഞ്ഞു. ഇതോടെ അദ്ദേഹം തന്റെ എ.ടി.എം കാര്‍ഡ് ജീവനക്കാരില്‍ ഒരാളുടെ പക്കല്‍ കൊടുത്ത് വിട്ട് 10,000 രൂപ പിന്‍വലിപ്പിച്ചു. ഓക്സിജന്‍ ആശുപത്രിയിലെത്തിക്കാനുള്ള യാത്രചിലവും അദ്ദേഹം തന്നെയാണ് വഹിച്ചത്.