ഹരിയാന: സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തികളാണ് ഖാപ് പഞ്ചായത്തുകളെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ചെറിയ പിഴവുകളുടെ പേരില്‍ ഖാപ് പഞ്ചായത്തുകളെ മൊത്തത്തില്‍ കുറ്റം പറയാനാകില്ലെന്നും ഇവയെ നിരോധിക്കുകയില്ലെന്നും ഖട്ടാര്‍ പറഞ്ഞു.
കഴിഞ്ഞ 800 വര്‍ഷങ്ങളായി ഖാപ് പഞ്ചായത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരല്ല ഇവയെ തെരഞ്ഞെടുക്കുന്നത് മറിച്ച് അതത് പ്രദേശങ്ങളിലെ ജനങ്ങളാണ്. നിരവധി നവോത്ഥാന നടപടികള്‍ ഇവ നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീധനത്തിനെതിരെയും പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് വേണ്ടിയും ഖാപ് പഞ്ചായത്തുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഖട്ടാര്‍ പറഞ്ഞു.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമാന്തര ഭരണകൂടമായി നിലനില്‍ക്കുന്ന ഖാപ് പഞ്ചായത്തുകള്‍ ദുരഭിമാന കൊലകളുടെയും കാടന്‍ ഉത്തരവുകളുടെ പേരിലും കുപ്രസിദ്ധിയാര്‍ജിച്ചവയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഇത്തരം അനധികൃത സമിതികളുടെ പ്രവര്‍ത്തനം.
ഖാപ് പഞ്ചായത്തുകള്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും അവ എന്‍.ജി.ഒകളാണെന്നും ഹരിയാന മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദ്ര സിംഗ് ഹൂഡ പറഞ്ഞത് വിവാദമായിരുന്നു.