[] റായ്പൂര്‍: ഖാപ് പഞ്ചായത്തിന്റെ വിവേക ശൂന്യവും ക്രൂരവുമായ നടപടി അധ്യാപികയെ നഗ്‌നയാക്കി മര്‍ദ്ദിക്കുന്നതിലെത്തിച്ചു. ഛത്തീസ്ഗഡിലാണ് ഖാപ് പഞ്ചായത്തിന്റെ ഈ ക്രൂര നടപടി.
ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അധ്യാപികയുടെ അനന്തിരവന് ഇതേ ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് ഖാപ് പഞ്ചായത്ത് ഇവരെ ശിക്ഷിച്ചത്. ഈ കാരണത്താല്‍ അധ്യാപികയെ നഗ്‌നയാക്കി മര്‍ദ്ദിക്കുക മാത്രമല്ല നാടുകടത്താതിരിക്കാന്‍ ഒരു ലക്ഷം രൂപ പിഴ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.
അധ്യാപികയ്‌ക്കൊപ്പമാണ് അനന്തിരവന്‍ താമസിച്ചുവന്നിരുന്നത്. ഇയാളെ സന്ദര്‍ശിക്കാന്‍ അധ്യാപികയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി അവിടെ തങ്ങിയെന്നും അധ്യാപിക ഇവരെ വഴിപിഴപ്പിച്ചുവെന്നും യുവാവ് മാനഭംഗപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു നാട്ടുകൂട്ടത്തിന്റെ കിരാത നടപടികള്‍. ഗ്രാമസഭ വിളിച്ചുകൂട്ടിയ ഖാപ് തലവന്‍ ആരോപണങ്ങള്‍ നാട്ടുകാരെ അറിയിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
ഒരേ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയും യുവാവും പരസ്പരം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവാവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പെണ്‍കുട്ടി പഞ്ചായത്തില്‍ മൊഴി നല്‍കി.
എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപിക പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് പോലീസിനെതിരെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ആക്രമണത്തിനിടെ തന്റെ ആഭരണങ്ങള്‍ സംഘം കവര്‍ന്നതായും പരാതി പിന്‍വലിക്കാന്‍
ഖാപ് പഞ്ചായത്ത് സമ്മര്‍ദ്ദം ചെലുത്തുന്നുതായും അധ്യാപിക പറഞ്ഞു.