| Monday, 30th July 2018, 9:10 am

മരണാനന്തര കര്‍മം നടത്തേണ്ടത് പുരുഷന്മാര്‍: പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ യുവതികള്‍ക്ക് ഖാപ് പഞ്ചായത്തിന്റെ ഊരുവിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ട: പിതാവിന്റ മരണാനന്തര കര്‍മങ്ങള്‍ ഏറ്റെടുത്തു നടത്തിയ യുവതികള്‍ക്ക് ഖാപ് പഞ്ചായത്തിന്റെ ഊരുവിലക്ക്. അന്ത്യകര്‍മങ്ങള്‍ വിധിപ്രകാരം നടത്താന്‍ ആണ്‍മക്കളില്ലാത്ത സാഹചര്യത്തില്‍ സ്വന്തം പിതാവിന്റെ കര്‍മങ്ങള്‍ ഏറ്റെടുത്തു നടത്തിയ നാലു യുവതികള്‍ക്കും, കൂട്ടുനിന്ന ബന്ധുക്കള്‍ക്കുമെതിരെയാണ് ബുന്ദി ജില്ലയിലെ റാഗേര്‍ സമുദായത്തിലെ ഖാപ് പഞ്ചായത്ത് അധികൃതരുടെ നടപടി.

കോട്ടയ്ക്കടുത്തുള്ള ബുന്ദിയിലെ ബര്‍ലി ബുന്ദി റാഗേര്‍ കോളനിയില്‍ നിന്നുള്ള ദുര്‍ഗാശങ്കറിന്റെ പെണ്‍മക്കളെയാണ് ഗ്രാമത്തില്‍ നിന്നും പുറത്താക്കിയിട്ടുള്ളത്. “അച്ഛന്റെ അവസാനത്തെ ആഗ്രഹമനുസരിച്ചാണ് അന്ത്യകര്‍മങ്ങള്‍ ഞങ്ങള്‍തന്നെ ചെയ്യാന്‍ തീരുമാനിച്ചത്. അതിനെത്തുടര്‍ന്ന് സമുദായാംഗങ്ങള്‍ ഞങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു.” ദുര്‍ഗാശങ്കറിന്റെ മകളായ മീന പറയുന്നു.

ചില സമുദായ നേതാക്കള്‍ വിഷയം നിഷേധിച്ചെങ്കിലും പരോക്ഷമായി തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്ന് ദുര്‍ഗാപ്രസാദിന്റെ കുടുംബാംഗങ്ങള്‍ പരാതിപ്പെടുന്നു. തങ്ങളെ സമുദായത്തിന്റെ പൊതുസ്ഥലത്ത് സംസ്‌കാരച്ചടങ്ങിന്റെ ഭാഗമായ സ്‌നാനത്തിലേര്‍പ്പെടാന്‍ അനുവദിച്ചില്ലെന്ന് അവര്‍ പറയുന്നു.


Also Read: കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് പരിപാടി; ഒത്താശ ചെയ്ത് പൊലീസ്


ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ തങ്ങള്‍ക്ക് സാധാരണ രീതിയില്‍ നല്‍കേണ്ട ഭക്ഷണം നല്‍കാന്‍ പോലും പരിസരവാസികള്‍ വിസമ്മതിച്ചെന്നും മീന പറയുന്നു. ബുന്ദി ജില്ലയില്‍ തുടര്‍ന്നു വരുന്ന ഖാപ് ഊരുവിലക്കുകളുടെ കൂട്ടത്തിലെ ഏറ്റവുമൊടുവിലത്തെ സംഭവമാണിത്.

തങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്താല്‍ കുടുംബത്തെയാകെ ഒറ്റപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നതായി മീന സൂചിപ്പിക്കുന്നു. പിതാവിന്റെ അന്ത്യാഭിലാഷമാണ് തങ്ങള്‍ പൂര്‍ത്തീകരിച്ചത്. മാപ്പു പറയാന്‍ തയ്യാറാകാഞ്ഞതോടെ ഖാപ് അധികൃതരുടെ വിദ്വേഷം വര്‍ദ്ധിക്കുകയായിരുന്നു. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മീനയുടെ സഹോദരി കലാവതി കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍, ഖാപ് അധികൃതര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more