| Tuesday, 1st September 2015, 2:53 pm

സഹോദരിമാരെ ബലാത്സംഗം ചെയ്യാനുള്ള ഖാപ് പഞ്ചായത്ത് ആജ്ഞ; ദളിത് കുടുംബം ദല്‍ഹിയിലേക്ക് കുടിയേറി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദല്‍ഹി/മീററ്റ്‌: ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഭര്‍തൃമതിയുമായി ഒളിച്ചോടിയ ദളിത് യുവാവിന്റെ സഹോദരിമാരെ ബലാത്സംഗം ചെയ്യാനുള്ള “ഖാപ് പഞ്ചായത്തിന്റെ” ഉത്തരവിനെത്തുടര്‍ന്ന് കുടുംബം ദല്‍ഹിയിലേക്ക് കുടിയേറി. 23കാരിയായ മീനാക്ഷി കുമാരി, 15കാരിയായ അനുജത്തി എന്നിവരെയാണ്‌
സഹോദരനുള്ള ശിക്ഷയായി ബലാത്സംഗം ചെയ്യാന്‍ യു.പിയിലെ ഭഗ്പത് ജില്ലയിലുള്ള ഖാപ് പഞ്ചായത്ത് ഉത്തരവിട്ടത്. ഉയര്‍ന്ന ജാതിക്കാരായ ജാട്ട് സമുദായത്തിലെ പുഷന്മാര്‍ മാത്രം അംഗങ്ങളായ നാട്ടുകാര്യസമിതിയാണ് ഖാപ് പഞ്ചായത്ത്.

 
ജാട്ടുകളുടെ തുടര്‍ച്ചയായ ഭീഷണിയെത്തുടര്‍ന്നാണ് തങ്ങള്‍ കുടുംബത്തോടൊപ്പം ദല്‍ഹിയിലേക്ക് കുടിയേറിയത് എന്ന് മീനാക്ഷി കുമാരി പറഞ്ഞു. മേയ് 24ാം തീയതിയാണ് മീനാക്ഷി കുടുംബത്തോടൊപ്പം ദല്‍ഹിയിലെത്തി തങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി സംഭവത്തില്‍ സെപ്റ്റംബര്‍ 14ന് റിപ്പോര്‍ട്ട് നല്‍കാന്‍ യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇവരെ ബലാത്സംഗം ചെയ്യാനായി ജൂലൈ 30ന് ഖാപ് പഞ്ചായത്ത് ഉത്തരവിടുന്നത്.

 
യുക്തിരഹിതവും ക്രൂരവുമായ ഈ നടപടി ബ്രിട്ടീഷ് പാര്‍ലമെന്റിലടക്കം ചര്‍ച്ചയാവുകയും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റി പ്രശ്‌നത്തിലിടപെട്ട് കുടുംബത്തിന് സംരക്ഷണം നല്‍കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2011ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം ഖാപ് പഞ്ചായത്തുകള്‍ നിയമവിരുദ്ധമാണെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. ദളിത് സമുദായത്തിനുനേരെ വ്യാപക അക്രമങ്ങളാണ് ഇവരുടെ കീഴില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പെണ്‍കുട്ടികളെ മുഖത്ത് കരിതേച്ച് നഗ്നരാക്കി നടത്താനും പഞ്ചായത്ത് ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more