| Tuesday, 26th December 2023, 7:45 pm

ഇനി കണ്‍ഫ്യൂഷന്‍ വേണ്ട, പരിചയപ്പെടാം ഖാന്‍സാറിലെ ഗോത്രങ്ങളും മന്നാര്‍ ഫാമിലി ട്രീയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലാര്‍ എന്ന തന്റെ പുതിയ ചിത്രത്തിനായി വളരെ വലിയ ലോകം തന്നെയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രം കണ്ടവരെ ഖാന്‍സാറും അതിലെ ഗോത്രങ്ങളും രാജമന്നാറിന്റെ ഫാമിലി ട്രീയുമൊക്കെ കുഴപ്പിച്ചിട്ടുണ്ടാവും. ചിത്രം കണ്ടവര്‍ക്കും ഇനി കാണാന്‍ പോകുന്നവര്‍ക്കും കണ്‍ഫ്യൂഷനുണ്ടാവാതിരിക്കാന്‍ ഖാന്‍സാറിലെ ഗോത്രങ്ങലെ കുറിച്ചും മന്നാര്‍ ഫാമിലി ട്രീയെ കുറിച്ചും ഒന്ന് പരിശോധിക്കാം.

SPOILER ALERT

മന്നാര്‍സി, ശൗര്യാംഗ, ഖനിയാര്‍ എന്നീ മൂന്ന് ഗോത്രങ്ങള്‍ ചേര്‍ന്നാണ് ഖാന്‍സാര്‍ ഭരിക്കുന്നത്. മൂന്ന് ഗോത്രങ്ങളും ചേര്‍ന്ന് ഖാന്‍സാറിനായി ഒരു നിയമസംഹിത ഉണ്ടാക്കി, അതിന് നിബന്ധന എന്ന് പേരിട്ടു. അതിലെ പ്രധാന നിയമങ്ങളിലൊന്ന് ഓരോ ഗോത്രവും 40 വര്‍ഷം ഖാന്‍സാര്‍ ഭരിക്കണമെന്നതാണ്. അതിന് ശേഷം അടുത്ത ഗോത്രത്തിന് അധികാരം കൈമാറും.

ശിവമന്നാര്‍ 40 വര്‍ഷത്തോളം ഖാന്‍സാര്‍ ഭരിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ അവരുടെ അധികാര കാലം കഴിഞ്ഞു. നിബന്ധനയില്‍ എഴുതിയിരിക്കുന്ന നിയമപ്രകാരം ശൗര്യാംഗ ഗോത്രത്തിലെ നേതാവായ ധാരയിലേക്കാണ് അധികാരം പോവേണ്ടത്. എന്നാല്‍ ശിവമന്നാറിന്റെ മകന്‍ രാജമന്നാര്‍ അതിന് തയാറായില്ല. അധികാരത്തിനായി ശിവമന്നാര്‍ ധാരയേയും ശൗര്യാംഗ ഗോത്രത്തേയും അപ്പാടെ ഇല്ലാതാക്കി. ശിവമന്നാറിന്റെ നേതൃത്വത്തില്‍ മന്നാര്‍ ഗോത്രവും ഖനിയാര്‍ ഗോത്രവും ചേര്‍ന്ന് ഖാന്‍സാറിന്റെ ഭരണം ആരംഭിച്ചു.

രാജമന്നാറിന് രണ്ട് ഭാര്യമാരാണ് ഉള്ളത്. ആദ്യഭാര്യയില്‍ ജനിച്ച മക്കളാണ് രാധാ രമയും രുദ്ര രാജമന്നാറും. രണ്ടാം ഭാര്യയിലുണ്ടായ മക്കളാണ് വരദ രാജമന്നാറും ബാച്ചി രാജമന്നാറും. ഭരണതലത്തില്‍ എട്ട് ദൊറകളും 62 കാപ്പിരികളുമുണ്ട്. എട്ട് ദൊറകളില്‍ മൂന്ന് പേര്‍ മന്നാര്‍ കുടുംബത്തില്‍ നിന്ന് തന്നെയുള്ളവരാണ്. രാജമന്നാറിന്റെ ഭാര്യാസഹോദരനായ ഓം, മകനായ രുദ്ര രാജമന്നാര്‍, മകളായ രാധയുടെ ഭര്‍ത്താവായ ഭാരവ എന്നിവയാണവര്‍. ബാക്കി അഞ്ച് പേര്‍ ഖനിയാര്‍ ഗോത്രത്തിലെ നാരംഗ്, വാലി, രംഗ, ചീക്ക, ഗുരുംഗ് എന്നിവരാണ്.

സമാധനത്തോടെ മുന്നോട്ട് പോയ ഭരണത്തിന്റെ ഗതി മാറിയത് രാജമന്നാര്‍ രണ്ടാം ഭാര്യയിലുണ്ടായ മകനായ വരദ രാജമന്നാറിനെ ദൊറയാക്കാന്‍ തീരുമാനിച്ചതോടെയാണ്. ഇത് രുദ്രക്കും ഭാരവക്കും രംഗക്കും ഇഷ്ടപ്പെടുന്നില്ല. അവര്‍ വരദയെ കൊല്ലാന്‍ തീരുമാനിക്കുന്നു. രാജ്യം അക്രമത്തിലേക്ക് നീങ്ങിയതോടെ ആ സമയം രാജ്യത്തിന്റെ ചുമതലയുണ്ടായിരുന്ന രാധാ രമ വെടിനിര്‍ത്തലിന് പ്രഖ്യാപിക്കുന്നു. നിബന്ധനയിലെ നിയമം ഉപയോഗിച്ച് രാധാ രമയുടെ ഉത്തരവിനെ രുദ്ര ചലഞ്ച് ചെയ്യുന്നു. ഇതോടെ വെടിനിര്‍ത്തല്‍ പിന്‍വലിക്കണോ തുടരണോ എന്ന തീരുമാനം വോട്ടിനിടാന്‍ തീരുമാനമാകുന്നു. ഒമ്പത് ദിവസത്തിന് ശേഷമായിരിക്കും വോട്ടിങ് നടക്കുക. ഒമ്പത് ദിവസത്തിന് ശേഷം എന്ത് സംഭവിക്കുമെന്നാണ് കഥ പറയുന്നത്. വോട്ടിങ് നടക്കുന്ന ദിവസം അര്‍ധരാത്രിക്ക് ശേഷം എന്ത് സംഭവിക്കുന്നു എന്നാണ് സലാര്‍ രണ്ടാം ഭാഗത്തില്‍ പറയുന്നത്.

Content Highlight: Khansar tribes and Mannarsi family tree

We use cookies to give you the best possible experience. Learn more