| Wednesday, 13th December 2023, 6:41 pm

ഹാന്‍ യൂനിസ്: ഫലസ്തീന്‍ പോരാട്ടത്തിന്റെ പ്രതീകം

ഷാദിയ നാസിര്‍

ദക്ഷിണ ഗാസയിലെ ‘ സുരക്ഷിത മേഖല’യായിരുന്ന ഹാന്‍ യൂനിസ് ഇപ്പോള്‍ ഇസ്രഈല്‍ ഫലസ്തീന്‍ യുദ്ധത്തില്‍ പ്രധാന പോര്‍ക്കളമായി മാറിയിരിക്കുയാണ്. കഴിഞ്ഞ ആഴ്ച താല്‍ക്കാലിക യുദ്ധവിരാമ ഉടമ്പടികള്‍ അവസാനിച്ചപ്പോള്‍ നഗരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ലഘുലേഖകള്‍ ഇസ്രഈല്‍ സൈന്യത്തില്‍ നിന്നും പ്രദേശവാസികള്‍ക്ക് ലഭിക്കുകയുണ്ടായി. ഇസ്രായേല്‍ സൈന്യം അടുത്തതായി ഉന്നം വെക്കാന്‍ പോകുന്ന പ്രദേശങ്ങളാണിത് എന്നും ലഘുലേഖകളില്‍ പറഞ്ഞിരുന്നു.

യുദ്ധത്തിന്റെ ആദ്യനാളുകളില്‍ ഗസ നഗരത്തില്‍ നിന്നും വടക്കന്‍ മേഖലകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ജനങ്ങള്‍ അഭയം പ്രാപിച്ചത് ഹാന്‍ യൂനിസില്‍ ആയതിനാല്‍ അവിടുത്തെ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു.

ഫലസ്തീന്‍ ജനതക്ക് രക്ഷ തേടി ചെല്ലാന്‍ ഇനി സ്ഥലങ്ങള്‍ ഏറെയൊന്നും അവശേഷിക്കുന്നില്ല എന്നിരിക്കെ മേഖലയില്‍ അവര്‍ പോരാട്ടം രൂക്ഷമാക്കിയിരിക്കുകയാണിപ്പോള്‍. തെക്ക് ഹാന്‍ യൂനിസിലും വടക്ക് ജബലിയയിലുമാണ് ഇപ്പോള്‍ പോരാട്ടം കനക്കുന്നത്.

ഹാന്‍ യൂനിസില്‍ ഹമാസ് നേതാക്കള്‍ ഒളിവില്‍ കഴിയുന്നുണ്ട് എന്ന് ആരോപിച്ചു കൊണ്ട് ഇസ്രഈല്‍ നഗരത്തില്‍ നിരന്തരം ബോംബ് വര്‍ഷിക്കുകയും അതിന്റെ കടന്നാക്രമണത്തിന്ന് ആക്കം കൂട്ടുകയും ചെയ്യുന്നു. പ്രദേശത്തെ ധാരാളം ഹാേസ്പിറ്റലുകള്‍ ആക്രമിക്കുകയും എണ്ണമറ്റ ഫലസ്തീനികളെ കൊല്ലുകയും ചെയ്യുന്നു.

ഗസയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും പതിവായി കേള്‍ക്കുന്ന പേരാണ് ഹാന്‍ യൂനിസ്. ഫലസ്തീന്‍ പേരാട്ടത്തിന്റെ പ്രതീകമായി ഹാന്‍ യൂനിസ് നിലകൊള്ളുന്നു. എന്താണ് ഹാന്‍ യൂനിസിന്റെ ചരിത്ര പ്രാധാന്യം ?

ഗാസ മുനമ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് ഹാന്‍ യൂനിസ്.

ചരിത്രം പരിശോധിക്കുമ്പോള്‍ വലിയ പ്രാധാന്യമുള്ള വ്യാപാര പാതയായിരുന്നു ഈജിപ്തിലെ കെയ്‌റോക്കും സിറിയയിലെ ഡമാസ്‌കസിനുമിടയില്‍ ചെങ്കടലിനോട് ചേര്‍ന്ന് നിലകൊണ്ടിരുന്നത്. പ്രതികൂല സാഹചര്യത്തില്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടതിനാല്‍ വഴിയില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു.

വ്യത്യസ്ത രൂപഭാവങ്ങളും പേരുകളുമുണ്ടായിരുന്ന ഇത്തരം വിശ്രമ കേന്ദ്രങ്ങളില്‍ നഗര കേന്ദ്രീകൃതമായവ കാരവന്‍ സെറായ് എന്നാണ് അറിയപ്പെട്ടിരുന്നത്. നഗരങ്ങളില്‍ റോഡരികില്‍ നിര്‍മ്മിക്കപ്പെട്ട ഈ സത്രങ്ങള്‍ ദിവസങ്ങളോളം കച്ചവടത്തിനും മറ്റുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഇടമായി മാറി.

പേര്‍ഷ്യന്‍ ഭാഷയിലെ ‘കാരവന്‍ അഥവാ കാര്‍വാന്‍,’ ‘സെറായ്’ എന്നീ രണ്ട് പദങ്ങളുടെ സമന്വയമാണ് കാരവന്‍ സെറായ്. കാരവന്‍ എന്നാല്‍ ചെറു യാത്രാ സംഘങ്ങള്‍ എന്നര്‍ത്ഥം വരുന്ന പദമാണ്. സെറായ് എന്നാല്‍ കൊട്ടാരം അല്ലെങ്കില്‍ കെട്ടിടം എന്നൊക്കെയാണ് അര്‍ത്ഥം.

പതിനാലാം നൂറ്റാണ്ടില്‍ മംലൂക്ക് സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ബര്‍ഖൂഖ് പ്രവിശ്യയിലെ അമീര്‍ ആയിരുന്ന അമീര്‍ യൂനുസ് അല്‍-നുറൂസിയോട് ഈജിപ്തിനും സിറിയക്കുമിടയില്‍  വരുന്ന ഗാസയില്‍ ഇത്തരം കാരവന്‍സെറായ്കള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടു. ഇവക്ക് അറബി ഭാഷയില്‍ പറയുന്ന പേരാണ് ‘ഹാന്‍’ .

യൂനുസ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രങ്ങള്‍ ഹാന്‍ യൂനിസ് എന്നറിയപ്പെട്ടു. അങ്ങനെയാണ് ഭാവിയില്‍ ഗാസയിലെ ഈ നഗരത്തിന് ‘ഹാന്‍ യൂനിസ് ‘ എന്ന പേര് ലഭിച്ചത്.

1387 ല്‍ മംലൂക്ക് സുല്‍ത്താന്‍ ബര്‍ഖൂഖ് അമീറിനോട് അദ്ദേഹത്തിന്റെ പേരില്‍ ഒരു കോട്ടയും നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. ഈ കോട്ട നഗരവാസികളെ സംരക്ഷിക്കുക മാത്രമല്ല കച്ചവടക്കാര്‍ക്കും മറ്റു വാണിജ്യ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും വിശ്രമ കേന്ദ്രമായി മാറുകയും ചെയ്തു.അങ്ങനെ കെയ്‌റോയെയും ഡമാസ്‌കസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി അത് മാറി.

ഫലസ്തീനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നായി ‘ബര്‍ഖൂഖ് കാസില്‍’ ഇപ്പോഴും നിലനില്‍ക്കുന്നു.

പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഹാന്‍ യൂനിസ് നഗരവും ഇപ്പോള്‍ ഗസ മുനമ്പിന്റെ ഭാഗമായ മറ്റു പ്രദേശങ്ങളുമല്ലാം സീനായ് പെനിന്‍സുല പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി മംലൂക്കുകളെ പരാജയപ്പെടുത്തി ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റി.

ഒന്നാം ലോകമഹായുദ്ധാനന്തരം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ഫലസ്തീന്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി അധിനിവേശത്തില്‍ നിന്നും രക്ഷതേടി വരുന്നവര്‍ക്ക് അത്താണിയായി ഹാന്‍ യൂനിസും സമീപ നഗരങ്ങളും മാറി.

1942 ല്‍ നാസികള്‍ ഗ്രീസിനെ ആക്രമിച്ചപ്പോള്‍ ഗ്രീസില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ടുകള്‍, കപ്പലുകള്‍ എന്നിവ ഉപയോഗിച്ച് തുര്‍ക്കി, ഫലസ്തീന്‍ സിറിയ തുടങ്ങിയ രാജ്യങ്ങളുടെ തീരങ്ങളില്‍ ഇറങ്ങുകയും അങ്ങനെ ഗ്രീക്ക് കുടുംബങ്ങള്‍ ഗാസ, നുസൈറാത്ത്, ഹാന്‍ യൂനിസ് എന്നിവിടങ്ങളില്‍ അഭയം തേടുകയും ചെയ്തു.

1948 ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്ന് 7,50,000 ഫലസ്തീനികളെ ആട്ടിയോടിച്ച് ഇസ്രഈല്‍ രാഷ്ട്ര രൂപീകരണം നടത്തി. ഈ സംഭവം നഖ്ബ എന്നറിയപ്പെട്ടു. അക്കാലത്ത് ഗാസ മുനമ്പിലെ ഈജിപ്ഷ്യന്‍ ഭരണത്തിന് കീഴിലായിരുന്നു ഹാന്‍ യൂനിസ് .ഇസ്രായേലിനെതിരെ പോരാടുന്ന ഫലസ്തീനിലെ ഫെദായീന്‍ എന്നറിയപ്പെട്ട ഗൊറില്ലാ സായുധ സംഘങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചു.

ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുദ്ധത്തില്‍ ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികളാണ് ഇവിടുത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും . അവിടുത്തെ സ്ഥിരതാമസക്കാരില്‍ പലരും ഫലസ്തീനിലെ ഗസമുനമ്പിന് പുറത്തുള്ള ഗ്രാമ, നഗര പ്രദേശങ്ങളില്‍ നിന്ന് കുടിയാെഴിക്കപ്പെട്ട് വന്നവരാണ്.

അങ്ങനെയാണ് അവിടെ ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ദ്ദനയുണ്ടാകുന്നത്.

1956 ല്‍ ഈജിപ്തിന്റെ സൂയസ് കനാല്‍ ദേശസാല്‍ക്കരണത്തിനെതിരെ ബ്രിട്ടീഷ്-ഫ്രഞ്ച് – ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈജിപ്തിനെതിരില്‍ യുദ്ധം ചെയ്യുകയും അക്കാലത്ത് ഹാന്‍ യൂനിസ് നഗരവും അതിനടുത്തായി സ്ഥിതി ചെയ്തിരുന്ന അഭയാര്‍ത്ഥി ക്യാമ്പും ഇസ്രഈല്‍ സൈന്യത്തിന്റെ കിരാതമായ ഹിംസക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഹാന്‍ യൂനിസ് കൂട്ടക്കുരുതിയില്‍ ചുരുങ്ങിയത് 275 ഫലസ്തീനികളെയെങ്കിലും ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊന്നിട്ടുണ്ട്. ശരിക്കുള്ള മരണസംഖ്യ ഇതിനേക്കാള്‍ എത്രയോ അധികമാണ് എന്നാണ് ഫലസ്തീനികളുടെ ഭാഗത്ത് നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്.

1967 ലെ പശ്ചിമേഷ്യന്‍ യുദ്ധത്തത്തുടര്‍ന്ന് ഹാന്‍ യൂനിസ് പൂര്‍ണ്ണമായും ഇസ്രഈല്‍ അധിനിവേശത്തിന് കീഴിലായി. പ്രസ്തുത യുദ്ധത്തില്‍ ഇസ്രഈല്‍ ഗസ മുനമ്പ് , വെസ്റ്റ് ബാങ്ക്, സീനായ് പെനിന്‍സുല എന്നിവ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്ന് ഗോലാന്‍ ഹൈറ്റ്‌സും പിടിച്ചെടുത്തു. അപ്പോഴും ഹാന്‍ യൂനിസ് നഗരത്തിലെ ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേല്‍ അധിനിവേശത്തെ ചെറുത്തു.

1967 ലെ യുദ്ധത്തില്‍ ഹാന്‍ യൂനിസ് പൂര്‍ണ്ണമായും ഇസ്രഈല്‍ അധിനിവേശത്തിന് കീഴിലായെങ്കിലും ഫലസ്തീന്‍ പോരാളികള്‍ അവിടെ ഉഗ്രമായ പോരാട്ടമാണ് നടത്തിയത്. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ പരാജയത്തിന് ശേഷം അവരുടെ ചെറുത്ത്‌നില്‍പ്പിന് യാതൊരുവിധ പിന്തുണയും എവിടെ നിന്നും ലഭിച്ചില്ല എന്നിരിക്കെ അവരുടെ സ്വയം പ്രതിരോധവും തീവ്രമായ പോരാട്ടവീര്യവും എടുത്തു പറയേണ്ടതാണ്.

ഫലസ്തീനികള്‍ നയിച്ച രണ്ട് ഇന്‍തിഫാദകള്‍ അഥവാ പ്രക്ഷോഭങ്ങളുടെ ഫലമായി 2005 ല്‍ ഗസ മുനമ്പില്‍ നിന്ന് ഇസ്രഈലിന്റെ പിന്‍മാറ്റത്തിന് കാരണം നഗരം ഫലസ്തീന്‍ സായുധ സംഘങ്ങളുടെ ശക്തികേന്ദ്രമായിരുന്നു എന്നതാണ്. അതിനാല്‍ അതിനടുത്ത് സ്ഥിതി ചെയ്യുന്ന ഇസ്രഈല്‍ സെറ്റില്‍മെന്റുകളില്‍ നിന്നും ഇസ്രഈല്‍ ഗവണ്‍മെന്റിന് സമ്മര്‍ദ്ദമുണ്ടായിരുന്നു.

എന്നാല്‍ ഹമാസ് ഗസയുടെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ ഇസ്രഈല്‍ ഈ പ്രദേശത്തിന് മേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തുകയും അതിനെതിരില്‍ പലതവണ യുദ്ധം ചെയ്യുകയും ചെയ്തു. പ്രസ്തുത ഉപരോധങ്ങള്‍ ഹാന്‍ യൂനിസ് എന്ന നഗരത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അഭിവൃദ്ധിക്ക് തടസ്സം സൃഷ്ടിച്ചു.

ഇതൊരു അധിനിവേശിത നഗരമായതിനാല്‍ ജനങ്ങളുടെ മുന്‍ഗണന അതിജീവനത്തിനായിരിക്കും. സുസ്ഥിരമായ അതിജീവനം സാധ്യമാക്കാനുള്ള എല്ലാ വഴികളും അവര്‍ ആരായും. അതുകൊണ്ടു തന്നെയാണിവിടെ പോരാട്ടം ശക്തമാകുന്നതും.

വളരെയധികം സാംസ്‌കാരിക പ്രാധാന്യം കൂടി ഹാന്‍ യൂനിസ് നഗരത്തിനുണ്ട്. ഫലസ്തീനിന്റെ തനതായ കലകളും പൈതൃകത്തിന്റെ അടയാളങ്ങളും ഹാന്‍ യൂനിസില്‍ കാണാനാവും. 4000 ഹെക്ടര്‍ കൃഷി ഭൂമിയും 7000 ല്‍ അധികം ഫാമുകളുമുള്ള ഒരു കാര്‍ഷിക കേന്ദ്രം കൂടിയാണ് ഹാന്‍ യൂനിസ് പ്രവിശ്യ.

ഇങ്ങനെ ഫലസ്തീന്‍ ജനതയുടെ ചരിത്രവും പോരാട്ടവും സംസ്‌കൃതിയും ഒരേ പോലെ പേറുന്ന മറ്റ് പ്രദേശങ്ങള്‍ അധികം കാണില്ല. അത് കൊണ്ട് തന്നെ സയണിസ്റ്റ് ഭീകരയുടെ ശത്രു പക്ഷത്ത് പ്രമുഖ സ്ഥാനമാണ് ഹാന്‍ യുനിസിന്. ഹാന്‍ യൂനിസിന്റെ എല്ലാ അടയാളങ്ങളും പാരമ്പര്യവും തുടച്ച് നീക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഇസ്രഈലിന്റെ ആവര്‍ത്തിപ്പെടുന്ന ഗസാ ആക്രമണ പരമ്പരകളിലെ സ്ഥിരം ചേരുവ ആയിരുന്നു. സ്വാഭാവികമായും സാമ്പത്തികമായും സാമൂഹികമായും വലിയ വെല്ലു വിളികളാണ് മേഖലയിലെ ജനങ്ങള്‍ നേരിടുന്നത്.

50 ശതമാനത്തിന്റെ അടുത്ത് നില്‍ക്കുന്ന പ്രവിശ്യയിലെ തൊഴില്ലായ്മ ഒരുദാഹരണം മാത്രം.

ഈ സയണിസ്റ്റ്‌ ഭീകരതയും പ്രതികൂല സാഹചര്യങ്ങളും തന്നെയാണ് ഹാന്‍ യൂനിസിനെ ഫലസ്തീന്‍ പോരാട്ടത്തിന്റെ പ്രതീകമായി മാറ്റുന്നതും.

ഗസയിലെ ഹമാസ് നേതാക്കളിലെ പ്രമുഖര്‍ പലരും ഹാന്‍ യൂനിസില്‍ നിന്നാണ്. നിലവില്‍ ഗസയിലെ ഹമാസിന്റെ നേതാവും ഇസ്രഈല്‍ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമനുമായ യഹ്യാ സിന്‍വാര്‍ അഷ്‌കലോണില്‍ നിന്ന് ‘നഖ്ബ’ സമയത്ത് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ജനിച്ച് ഹാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാംപില്‍ വളര്‍ന്ന ആളാണ്. ഹമാസിന്റെ സായുധ വിഭാഗമായ ‘ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡിന്റെ’ തലവന്‍ മുഹമ്മദ് ദയീഫും ഇതേ ക്യാംപിന്റെ സന്തതിയാണ്.

ഫലസ്തീന്‍ ജനതയുടെ സംസ്‌കൃതിയും ഇസ്രഈല്‍ ഭീകരതയും ഏറ്റവുമധികം അടയാളപ്പെടുത്തുന്ന ഒരു പ്രദേശവും അഭയാര്‍ത്ഥി ക്യാംപും തന്നെ ആ ഭീകരതക്കെതിരായ ഏറ്റവും വലിയ പോരാട്ടവും പ്രകടമാക്കുന്നത് ഒട്ടും യാദൃശ്ചികമല്ല, കാവ്യ നീതി മാത്രമാണ്.

content highlights: Khan Younis: Symbol of the Palestinian Struggle

ഷാദിയ നാസിര്‍

We use cookies to give you the best possible experience. Learn more