ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാനില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിയുടെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. ഹീബ്രു ഭാഷയിലുള്ള ഖമനേനിയുടെ അക്കൗണ്ടാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്‌തെന്നും ഇറാനെ വിലയിരുത്തുന്നതില്‍ ഇസ്രഈലിന്റെ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്നും അതിനാല്‍ ഇറാന്റെ ശക്തി തങ്ങള്‍ മനസിലാക്കി തരുമെന്നുമെന്നുമാണ് ഖമനേനി എക്‌സില്‍ കുറിച്ചത്.
ഇവയ്ക്ക് പുറമെ ശനിയാഴ്ച്ചത്തെ മറ്റൊരു പോസ്റ്റില്‍ ‘ഏറ്റവും കരുണയുള്ളവനായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന മറ്റൊരു പോസ്റ്റും ഖമനേനി പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. എക്‌സിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ ഖമനേനിയുടെ മെയിന്‍ അക്കൗണ്ട് ഇപ്പോഴും സജീവമാണ്. ഇസ്രഈലിന്റെ ഔദ്യോഗിക ഭാഷയാണ് ഹീബ്രു.
കഴിഞ്ഞ ദിവസമാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രഈല്‍ വ്യോമാക്രമണം നടത്തുന്നത്.
ആക്രമണത്തില്‍ ടെഹ്‌റാനിലും അയല്‍ നഗരമായ കരാജിലും ഒന്നിലധികം സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്‍ ഭരണകൂടം ഇസ്രഈലിനെതിരെ മാസങ്ങളോളം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണം നടത്തിയതെന്ന് ഐ.ഡി.എഫ് വക്താവ് ഡാനിയല്‍ ഹഗാരി ഈ വിഷയത്തില്‍ പ്രതികരിച്ചത്.