ടെഹ്‌റാന്‍: ഇറാനുമായി ആണവക്കരാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി.
അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനി അവര്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ശനിയാഴ്ച ടെഹ്റാനില്‍വെച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് ഖമേനി ഇക്കാര്യം പറഞ്ഞത്.
‘ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതല്ല ഇത്തരം ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരുകള്‍ ലക്ഷ്യം വെക്കുന്നത്. മറിച്ച് സ്വന്തം താത്പര്യങ്ങള്‍ സ്ഥാപിക്കാനും അടിച്ചേല്‍പ്പിക്കാനുമാണ്. തീര്‍ച്ചയായും, ഇസ്‌ലാമിക റിപ്പബ്ലിക് അവരുടെ വാദങ്ങള്‍ അംഗീകരിക്കില്ല,’ ഖമനേനി പറഞ്ഞു.
അമേരിക്ക പോലുള്ള രാജ്യങ്ങള്‍ കേവലം ആണവവക്കരാര്‍ മാത്രമല്ല ലക്ഷ്യം വെക്കുന്നതല്ലെന്ന് പറഞ്ഞ ഖമനേനി ഇറാന്റ പ്രതിരോധ ശേഷി, അന്താരാഷ്ട്ര ശക്തി എന്നിവയിലാണ് അവരുടെ ശ്രദ്ധയെന്നും എന്നാല്‍ അതൊരിക്കലും അനുവദിച്ച് നല്‍കാനാവില്ലെന്നും വ്യക്തമാക്കി.
ഇറാനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന യൂറോപ്യന്‍ നേതാക്കളെയും ഖമനേനി വിമര്‍ശിച്ചു. ആണവക്കരാര്‍ വിഷയത്തില്‍ ഇറാന്‍ തങ്ങളുടെ പ്രതിബദ്ധതകള്‍ പാലിച്ചിട്ടില്ലെന്ന നേതാക്കളുടെ വാദം യുക്തിരഹിതമാണെന്ന് പറഞ്ഞ അദ്ദേഹം അവരാണ് തങ്ങളുടെ കടമകള്‍ പാലിക്കാതിരുന്നതെന്നും പറയുകയുണ്ടായി.
2015ല്‍ ആണവ കരാറില്‍ നിന്ന് യു.എസ് പിന്മാറിയതിനുശേഷം, യൂറോപ്യന്‍ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നല്‍കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടുകയായിരുന്നു ഖമനേനിയുടെ പ്രസ്താവന.
പാശ്ചാത്യ രാജ്യങ്ങളുടെ തത്വങ്ങള്‍ ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ ഖമനേനി അവ നമുക്ക് പിന്തുടരാന്‍ കഴിയില്ലെന്നും യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഖമനേനി സാമ്പത്തിക നയങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതിന്റെയും ദേശീയ കറന്‍സിയുടെ മൂല്യം പുനര്‍നിര്‍ണയിക്കേണ്ടതിന്റെയും പ്രാധാന്യവും ഊന്നിപ്പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് താന്‍ കത്ത് അയച്ചതായി വ്യക്തമാക്കിയ ട്രംപ് ഇറാനെ കൈകാര്യം ചെയ്യാനുള്ള പ്രധാന വഴിയാണ് ആണവ കരാറെന്നും പറയുകയുണ്ടായി. ഫോക്സ് ബിസിനസ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
Content Highlight: Khamenei’s response to Trump: America is trying to establish dominance, Iran will not allow it