| Tuesday, 12th January 2021, 1:39 pm

നിരോധിത സംഘടന കര്‍ഷകരെ പിന്തുണക്കുന്നുണ്ടോ എന്ന് ചീഫ് ജസ്റ്റിസ്; ഖലിസ്ഥാനികള്‍ ഉണ്ടെന്ന് കേന്ദ്രം; കോടതിയില്‍ നടക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ആറ്റോണി ജനറല്‍ കെ.കെ വേണുഗോപാലാണ് സുപ്രീം കോടതിയില്‍ ഇങ്ങനെ പറഞ്ഞത്.

ഏതെങ്കിലും നിരോധിത സംഘടനകള്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നുണ്ടോയെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ ചോദ്യത്തിന് മറുപടിയായാണ് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഖലിസ്ഥാനികള്‍ പ്രക്ഷോഭത്തില്‍ നുഴഞ്ഞുകയറിയെന്ന് പറഞ്ഞത്.

കാര്‍ഷിക നിയമഭേദഗതിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് അറ്റോണി ജനറല്‍ കോടതിയില്‍ ഇത്തരമൊരു വാദം ഉന്നയിച്ചത്. നേരത്തെയും പ്രക്ഷോഭത്തിന് ഖലിസ്ഥാനികള്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണം പല കോണില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചത് വിവാദമാകുകയായിരുന്നു.

ഇതിന് പിന്നാലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കര്‍ഷകരെ ഖലിസ്ഥാനികളെന്ന് തങ്ങള്‍ ഒരിക്കലും വിളിക്കില്ലെന്നും പറഞ്ഞിരുന്നു. പക്ഷേ ഇതേവാദം തന്നെ കോടതിയില്‍ കേന്ദ്രം ഉന്നയിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കെത്തണമെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.

പ്രതിഷേധത്തിനിടെ തങ്ങളുമായി നിരവധിപേര്‍ ചര്‍ച്ചയ്ക്കുവന്നെങ്കിലും പ്രധാന വ്യക്തിയായ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കെത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നുണ്ടെന്ന കാര്യം എം.എല്‍ ശര്‍മ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി ഇവിടെ കക്ഷിയാവാത്തതുകൊണ്ട് കര്‍ഷകരുമായി ചര്‍ച്ചയ്ക്കെത്തണമെന്ന് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.

അതേസമയം, കര്‍ഷക ഭൂമി സംരക്ഷിക്കാമെന്നാണ് സുപ്രീംകോടതി കര്‍ഷകര്‍ക്ക് നല്‍കുന്ന ഉറപ്പ്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു.

യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു. വിദഗ്ധ സമിതി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ സമതി കോടതി നടപടികളുടെ ഭാഗമാകുമെന്നും കോടതി പറഞ്ഞു. കേസില്‍ കോടതിയില്‍ വാദം തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Khalisthani’s support farm law attorney general K K Venugopal on court

We use cookies to give you the best possible experience. Learn more