national news
ഖലിസ്ഥാൻ വാദം: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നുവെന്ന് റിപ്പോർട്ടുകൾ
ന്യൂദൽഹി: ഖലിസ്ഥാൻ വാദം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ വിരുദ്ധനീക്കം തടയുന്നതിൽ കാനഡ അലംഭാവം കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പറഞ്ഞിരുന്നു. ഇതേസമയം തന്നെ കാനഡയിലെ ഖലിസ്ഥാൻ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടത്തുകയും ചെയ്തു.
ഞായറാഴ്ച ജി20 ഉച്ചകോടിക്കിടയിൽ മോദി-ട്രൂഡോ ചർച്ച നടന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്. സംഘടനയുടെ നേതാവ് ഗുർപട്വന്ത് സിങ് പന്നുൻ ഇന്ത്യക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ഖലിസ്ഥാൻ അനുകൂലികളോട് ട്രൂഡോ ഭരണകൂടം അനുഭാവം കാണിക്കുന്നു എന്നതാണ് ഇന്ത്യയുടെ ആരോപണം. കാനഡയിൽ വിഘടനവാദികൾ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നുവെന്നും കാനഡയിലെ ഇന്ത്യൻ സമൂഹത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും മോദി ട്രൂഡോയോട് പറഞ്ഞിരുന്നു.
ജി20 ഉച്ചകോടിയിൽ ട്രൂഡോയെ അവഗണിക്കുന്ന സമീപനമാണ് ഇന്ത്യയുടെയും അംഗരാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായത് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഇന്ത്യയല്ലാതെ മറ്റ് രാജ്യങ്ങളുമായി കാനഡ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നില്ല.
മോദിയുമായുള്ള ചർച്ച പോലും അവസാനമാണ് നടന്നത്. വിഘടനവാദികൾക്കെതിരെ നടപടി ഉണ്ടാകണമെന്ന് മോദി ആവശ്യപ്പെട്ടപ്പോൾ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്ത് നിന്നുള്ളവർ ഇടപെടാൻ അനുവദിക്കില്ല എന്നായിരുന്നു ട്രൂഡോയുടെ മറുപടിയെന്നാണ് റിപ്പോർട്ടുകൾ.
അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധങ്ങളും തങ്ങൾ സംരക്ഷിക്കുമെന്നും എല്ലാ തരത്തിലുള്ള വിദ്വേഷങ്ങളും തള്ളിക്കളയുമെന്നും ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ ട്രൂഡോ പറഞ്ഞിരുന്നു. ഈയിടെ ഇന്ത്യയുമായുള്ള വ്യാപാര പദ്ധതികൾ ട്രൂഡോ ഏകപക്ഷീയമായി മരവിപ്പിച്ചിരുന്നു.
ജൂണിൽ, ബ്രാംപ്ടണിൽ ചില ഖാലിസ്ഥാനി ഘടകങ്ങൾ സംഘടിപ്പിച്ച പരേഡിന്റെ ഭാഗമായി തയ്യാറാക്കിയ ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്ലോട്ടിന്റെ പ്രദർശന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കാനഡയിലെ ചില പ്രദേശങ്ങളിൽ കാനഡയിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരുടെ പേരുകൾ എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന്, ജൂലൈയിൽ കനേഡിയൻ ഒഫീഷ്യലിനെ വിളിച്ചുവരുത്തി ഇന്ത്യ കാനഡയിൽ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഡിമാർച്ച് (മറ്റൊരു രാജ്യത്തിലെ സർക്കാരിൽ നിന്ന് വിവരങ്ങൾ തേടുകയോ താക്കീത് നൽകുകയോ ചെയ്യുക) പുറപ്പെടുവിച്ചു.
വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവങ്ങളിൽ കനേഡിയൻ അധികാരികളോട് ഇന്ത്യ പരാതിപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നത്.
പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള ബന്ധം ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Content Highlight: Khalisthan Extremism: Reports on India-Canada Diplomatic Relations Souring