| Friday, 25th October 2024, 6:54 pm

കനേഡിയന്‍ പ്രധാനമന്ത്രിയുടെ സര്‍ക്കിളില്‍ ഖലിസ്ഥാന്‍ വാദികളും ഇന്ത്യാ വിരുദ്ധരും: മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കിളില്‍ ഖലിസ്ഥാന്‍ തീവ്രവാദികളും ഇന്ത്യാ വിരുദ്ധരും ഉള്‍പ്പെടുന്നുണ്ടെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന സഞ്ജയ് വര്‍മ. ആഭ്യന്തര രാഷ്ട്രീയ കാരണങ്ങളാല്‍ ട്രൂഡോ സര്‍ക്കാര്‍ കാനഡയില്‍ ഖലിസ്ഥാനി തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും സഞ്ജയ് വര്‍മ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് വര്‍മ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യാ വിരുദ്ധരും ഖലിസ്ഥാന്‍ തീവ്രവാദികളുമായി നിരവധി ബന്ധങ്ങളുണ്ട്. 2018ല്‍ ട്രൂഡോ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സംഭവിച്ചതെന്തെന്ന് ഞങ്ങള്‍ക്കറിയാം. ഖലിസ്ഥാനോട് അനുഭാവം പുലര്‍ത്തുന്ന പലരും ഉണ്ട്,’ സഞ്ജയ് വര്‍മ്മ പറഞ്ഞു.

2018ല്‍ ഖലിസ്ഥാനി അനുഭാവിയായ ജസ്പാല്‍ അത്വാളിനെ ട്രൂഡോയുടെ സന്ദര്‍ശന സമയത്ത് ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും സഞ്ജയ് വര്‍മ കൂട്ടിച്ചേര്‍ത്തു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലേറ്റിരുന്നു. നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണെന്ന് കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.

നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ബന്ധമുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നുമായിരുന്നു കാനഡയുടെ വാദം.

ഇതിന് പിന്നാലെ ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രേരിത നിലപാടുകളാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

Content Highlight: Khalistanists and anti-Indians in Canadian PM’s circle: Former Indian High Commissioner

We use cookies to give you the best possible experience. Learn more