കാനഡയിൽ ഒരു ഖലിസ്ഥാൻ വാദി കൂടി കൊല്ലപ്പെട്ടു
World News
കാനഡയിൽ ഒരു ഖലിസ്ഥാൻ വാദി കൂടി കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 11:36 am

ടൊറന്റോ: ഖലിസ്ഥാൻ വാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ കാനഡയിൽ മറ്റൊരു ഖലിസ്ഥാൻ വാദി നേതാവ് കൂടി കൊല്ലപ്പെട്ടു. സുഖ്ദുൽ സിങ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്.

ഇന്ത്യയുടെ വാണ്ടഡ് പട്ടികയിലുള്ള സുഖ്ദുൽ സിങ് ഗാങ്ങുകൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ വിന്നിപെഗ് സിറ്റിയിൽ വച്ചാണ് വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സുഖ ദുനേക്ക് എന്ന പേരിൽ അറിയപ്പെടുന്ന സുഖ്ദുൽ സിങ് പഞ്ചാബിലെ മോഗയിൽ നിന്നാണ് 2017ൽ കാനഡയിലേക്ക് കുടിയേറിയത്. ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടായിരുന്ന ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി പാസ്പോർട്ടും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നേടിയെടുത്താണ് കാനഡയിലേക്ക് കടന്നത്.

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിലെ തീവ്രവാദിയായ അർഷ് ദല്ലയുടെ അടുത്ത അനുയായിയാണ് സുഖ്ദുൽ സിങ്. ജൂണിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം ഇരുവരും ചേർന്ന് സംഘടനയെ പുണരുജ്ജീവിപ്പിക്കാൻ ശ്രമിച്ചിരുന്നു.

നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. തുടർന്ന് ഇന്ത്യയും ഇതേ രീതിയിൽ തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്കും കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

Content Highlight: Khalistani terrorist’s aide Sukhdool Singh, wanted in India, killed in Canada