ടൊറന്റോ: കാനഡയില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇന്ത്യന്‍ പതാക കീറി ഖലിസ്ഥാന്‍ അനുകൂലികള്‍. ടൊറന്റോ സിറ്റി ഹാളില്‍ ഓഗസ്റ്റ് 18ന് നടന്ന പരേഡിനിടെയാണ് സംഭവം.
കാനഡയിലുള്ള ഇന്ത്യക്കാരുടെ സാംസ്‌കാരിക കൂട്ടായ്മകളിലൊന്നായ ‘പനോരമ ഇന്ത്യ’ യാണ് പരിപാടി സംഘടിപ്പിച്ചത്. പരേഡിനിടെ ഖലിസ്ഥാന്‍ അനുകൂല പതാകകള്‍ കൈയിലേന്തിയ ഒരുകൂട്ടം പ്രക്ഷോഭകര്‍ കത്തി ഉപയോഗിച്ച് ഇന്ത്യന്‍ പതാക കീറുന്നതും പരേഡില്‍ പങ്കെടുക്കുന്ന ആളുകളോട് ‘ഗോ ബാക്ക് ഇന്ത്യ’ എന്ന് ആക്രോശിക്കുന്നതായും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയില്‍ കാണാം. മോച്ച ബെസിര്‍ഗന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ നടന്ന പരേഡ്, കാനഡയിലെതന്നെ ഏറ്റവും വലിയ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ ഒന്നായിരുന്നു.
പരേഡിന് മുന്നോടിയായി ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ത്രിവര്‍ണ പതാക ചടങ്ങിനിടെ ഉയര്‍ത്തുമെന്ന് പനോരമ ഇന്ത്യ അധ്യക്ഷ വൈദേഹി ഭഗത് പറഞ്ഞിരുന്നു. ഇതിന് പുറമെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങളും പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പരേഡ് തുടങ്ങുന്നതിന് മുമ്പേ റാലിയില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരെ നേരിടാന്‍ പരേഡ് നടക്കുന്ന നാദാന്‍ ഫിലിപ്പ്‌സ് ചത്വരത്തില്‍ എത്തിച്ചേര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പനോരമ ഇന്ത്യയുടെ നേതൃത്ത്വത്തില്‍ കാനഡയില്‍ സംഘടിപ്പിക്കുന്ന 25-ാമത് സ്വതന്ത്ര്യദിന പരേഡായിരുന്നു ഇത്.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണത്തോടെ രാജ്യത്ത് ഖലിസ്ഥാന്‍ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്ന അനുകൂല നിലപാടാണ് പലപ്പോഴും കാനഡ സ്വീകരിച്ചിട്ടള്ളത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
അടുത്തിടെ ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ഒരു ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയതില്‍, ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമീഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പുറമെ കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തിനിടെ ബോംബിടുമെന്ന് ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ഭീഷണി മുഴക്കിയിരുന്നു.
Content Highlight: Khalistan supporters tear Indian flag during Independence Day parade in Canada