ന്യൂദല്‍ഹി: ധര്‍മശാലയില്‍ ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ജലസേചന വകുപ്പ് കെട്ടിടത്തിന്റെ ചുമരില്‍ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് ചുമരില്‍ മുദ്രാവാക്യം എഴുതി വെച്ചതെന്ന് കാന്‍ഗ്രയിലെ പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു.
പൊലീസ് സംഘം സ്ഥലത്തെത്തി ഭിത്തിയില്‍ പെയിന്റ് ചെയ്ത് എഴുത്ത് മായ്ച്ചുകളഞ്ഞെന്നും പ്രതികളെ കണ്ടെത്താന്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
ഏകദിന ലോകപ്പിന്റെവേദികളിലൊന്നാണ് ധര്‍മശാല. ഒക്ടോബറില്‍ അഞ്ച് മത്സരങ്ങളാണ് ധര്‍മശാലയില്‍ നടക്കാനിരിക്കുന്നത്. മത്സരത്തിനായി ടീമുകള്‍ നഗരത്തില്‍ എത്തിത്തുടങ്ങിയ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇന്ത്യന്‍ പതാകയില്‍ ഗോമൂത്രം ഒഴിച്ചും തീയിട്ടുമായിരുന്നു പ്രതിഷേധം. ദല്‍ ഖല്‍സ യു.കെ നേതാവ് ഗുര്‍ചരണ്‍ സിങ്ങാണ് ഇന്ത്യന്‍ പതാകയില്‍ ഗോമൂത്രമൊഴിച്ച് പ്രതിഷേധിച്ചത്.
Content Highlights: Khalistan slogans in Dharamsala