| Sunday, 12th May 2024, 5:13 pm

മോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്; അന്വേഷണം ആരംഭിച്ച് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ഖാലിസ്ഥാന്‍ ചുവരെഴുത്ത്. ദല്‍ഹിയിലെ കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ എന്നീ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള തൂണുകളിലാണ് ചുവരെഴുത്ത് കണ്ടെത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ദല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി.

സ്ഥലത്തെത്തിയ പൊലീസ് ചുവരെഴുത്തുകള്‍ പൂര്‍ണമായും മായ്ച്ചുകളഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോദിക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശങ്ങളാണ് ചുവരെഴുത്തില്‍ ഉള്ളത്.

ഇതിനുമുമ്പ് ദല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുന്നതിനിടയിലും മോദിക്കെതിരെ ഖലിസ്ഥാന്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദല്‍ഹിയിലെ എട്ടിലധികം മെട്രോ സ്റ്റേഷനുകളിലാണ് ഖലിസ്ഥാനി മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ദല്‍ഹി ബനേഗാ ഖലിസ്ഥാന്‍ (ദല്‍ഹി ഖലിസ്ഥാനായി മാറും), ഖലിസ്ഥാന്‍ സിന്ദാബാദ്, ഖലിസ്ഥാന്‍ റഫറണ്ടം സിന്ദാബാദ് എന്നിങ്ങനെ ആയിരുന്നു അന്നത്തെ ചുവരെഴുത്തുകള്‍.

ഇതിനുപുറമെ ശിവാജി പാര്‍ക്ക്, പഞ്ചാബി ബാഗ് തുടങ്ങിയ മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ ‘പഞ്ചാബ് ഈസ് നോട്ട് ഇന്ത്യ’, ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

കൂടാതെ 2023ല്‍ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) അംഗമായ പ്രീത്പാലിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ആഗസ്റ്റ് 27ന് ദല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ ചുവരെഴുത്തുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Content Highlight: Khalistan graffiti again against Narendra Modi

We use cookies to give you the best possible experience. Learn more