കാനഡയില്‍ വീണ്ടും ക്ഷേത്രം തകര്‍ത്ത് ഖലിസ്ഥാന്‍ വാദികള്‍; ഈ വര്‍ഷം നാലാമത്തെ സംഭവം
ലണ്ടന്‍: കാനഡയില്‍ വീണ്ടും ക്ഷേത്രം തകര്‍ത്ത് ഖലിസ്ഥാന്‍ വാദികള്‍. ബ്രിട്ടീഷ് കൊളംബിയയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ സറേയിലെ ലക്ഷ്മി നാരായണ്‍ മന്ദിറിന്റെ ചുവരുകളിലും ഗേറ്റുകളിലും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി പറഞ്ഞു.
ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങിന്റെ മരണത്തില്‍ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണമെന്നുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെയും സിഖ് ഫോര്‍ ജസ്റ്റിസിന്റെ കനേഡിയന്‍ വിഭാഗത്തിന്റെയും തലവനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഈ വര്‍ഷം ജൂണില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു.
മാസ്‌ക് ധരിച്ചെത്തിയ രണ്ട് ആളുകള്‍ ക്ഷേത്രത്തിന്റെ മതിലിലും ഗേറ്റിലും പോസ്റ്റര്‍ പതിപ്പിക്കുന്ന വീഡിയോ ലഭിച്ചിട്ടുണ്ട്.
അതേസമയം കാനഡയില്‍ ഈ വര്‍ഷം നടക്കുന്ന നാലാമത്തെ ക്ഷേത്ര ആക്രമണമാണിത്. ഏപ്രിലില്‍ ഒന്റാരിയോയിലെ സ്വാമി നാരായണ്‍ ക്ഷേത്രവും ഫെബ്രുവരിയില്‍ മിസ്സിസ്സ്വാഗയിലെ രാമമന്ദിരവും ജനുവരിയില്‍ ബ്രാംഡണിലെ ക്ഷേത്രവും ഖലിസ്ഥാന്‍ വാദികള്‍ തകര്‍ത്തിട്ടുണ്ടായിരുന്നു.
കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഇന്ത്യന്‍ നയതന്ത്രജ്ഞരെ കൊലപാതകികള്‍ എന്ന് വിളിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കാനഡയിലെ ടൊര്‍ണാടോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്തും ലണ്ടനിലും ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുറൈസ്വാമിയുടെയും ബിര്‍മിങ്ഗമ്മിലെ കൗണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ശശാങ്ക് വിക്രമിന്റെയും പോസ്റ്ററുകളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് അന്ന് ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
തുടര്‍ന്ന് കാനഡ, ലണ്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ തീവ്ര ഖലിസ്ഥാനി പ്രത്യയശാസ്ത്രക്കാര്‍ക്ക് സ്ഥാനം നല്‍കുന്നത് ചെറുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടിരുന്നു.
content highlights: Khalistan activists vandalized the temple again in Canada; Fourth incident this year