World News
ഇറ്റലിയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത് ഖാലിസ്ഥാന്‍ വാദികള്‍; തകര്‍ത്തത് മോദി അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 12, 01:27 pm
Wednesday, 12th June 2024, 6:57 pm

റോം: ഇറ്റലിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത് ഖാലിസ്ഥാന്‍ വാദികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖാലിസ്ഥാന്‍ വാദികള്‍ തകര്‍ത്തത്. തലസ്ഥാന നഗരിയായ റോമിലാണ് സംഭവം.

തകര്‍ക്കപ്പെട്ട പ്രതിമയുടെ സമീപത്തായി കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ചുവരെഴുത്തുകളുമുണ്ട്. റോമിലെ ഒരു പ്രധാനപാതയ്ക്ക് അടുത്താണ് ഗാന്ധിയുടെ പുതിയ പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമയോടൊപ്പം ഉണ്ടായിരുന്ന സ്തൂപങ്ങളും തകര്‍ത്തിട്ടുണ്ട്.

ജി20 ഉച്ചകോടിയുടെ ഭാഗമായാണ് നരേന്ദ്ര മോദി നാളെ ഇറ്റലിയില്‍ എത്താനിരുന്നത്. സംഭവത്തില്‍ ഇറ്റാലിയന്‍ അധികൃതരോ ഇന്ത്യന്‍ നയതന്ത്രജ്ഞരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-കാനഡ ബന്ധം അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ആക്രമണം.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ പൗരന്മാരെ കനേഡിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് നിജ്ജാര്‍ (45) കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തെ അനുശോചിച്ചുള്ള ചുമരെഴുത്താണ് ഇറ്റലിയില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Content Highlight: Khalistan activists vandalized Gandhi’s statue in Italy