| Sunday, 9th July 2023, 12:17 pm

കാനഡയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധിച്ച് ഖലിസ്ഥാന്‍ വാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കാനഡയിലെ ടൊര്‍ണാടോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്തും ലണ്ടനിലും ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുറത്ത് ശനിയാഴ്ച 250ഓളം പ്രോ-ഖലിസ്ഥാനികളാണ് പ്രതിഷേധവുമായി അണിനിരന്നത്. എന്നാല്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ ഇന്ത്യന്‍ പതാകയേന്തി ഇന്ത്യന്‍ ജനതയും പ്രതിഷേധം അറിയിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുറൈസ്വാമിയുടെയും ബിര്‍മിങ്ഗമ്മിലെ കൗണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ശശാങ്ക് വിക്രമിന്റെയും പോസ്റ്ററുകളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ജൂണ്‍ 18ന് സറ്‌റേയില്‍ വെച്ച് കൊല്ലപ്പെട്ട നിരോധിത ഖലിസ്ഥാന്‍ വിഘടനവാദി സംഘടനയായ എസ്.എഫ്.ജെ (സിഖ് ഫോര്‍ ജസ്റ്റിസ്) നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പോസ്റ്ററുകളും ഖലിസ്ഥാന്‍ വാദികള്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യയാണ് ഹര്‍ദീപിന്റെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോസ്റ്ററുകളിലെഴുതിയിരിക്കുന്നത്.

എന്നാല്‍ പ്രതിഷേധത്തിന് ജനപങ്കാളിത്തം കുറവാണെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നേരെയുള്ള ആക്രമണം പൂര്‍ണമായും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ സുരക്ഷ പ്രധാനമാണെന്നും ലണ്ടനിലെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയും പറഞ്ഞിരുന്നു.

‘ലണ്ടനിലെ ഇന്ത്യന്‍ കമ്മീഷനിലേക്കുള്ള നേരിട്ടുള്ള അക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനമെന്ന് ദൊരൈസ്വാമിയോടും ഇന്ത്യന്‍ സര്‍ക്കാരിനോടും വ്യക്തമാക്കിയിരുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം മൂന്ന് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിനെയും പാകിസ്ഥാനെയും പിന്തുണക്കുന്ന പോസ്റ്ററുകളും പ്രതിഷേധക്കാര്‍ക്കിടയിലുണ്ടായിരുന്നു. അതേസമയം രണ്ട് ഖലിസ്ഥാന്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഖലിസ്ഥാന്‍വാദികളുടെ പ്രകോപനം കണക്കിലെടുത്ത് ലണ്ടനിലും അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇന്ത്യന്‍ അംബാസഡര്‍ വാഷിങ്ടണ്‍ ഡി.സി എംബസിയിലെത്തിയാണ് സുരക്ഷ വിലയിരുത്തിയത്.

CONTENT HIGHLIGHTS: Khalistan activists protest outside the Indian consulate in Canada

We use cookies to give you the best possible experience. Learn more