'ഖലീഫസാറ്റ്' വിക്ഷേപണം വിജയകരം; യു.എ.ഇക്കിത് സ്വപ്നസാക്ഷാത്കാരം
Middle East
'ഖലീഫസാറ്റ്' വിക്ഷേപണം വിജയകരം; യു.എ.ഇക്കിത് സ്വപ്നസാക്ഷാത്കാരം
ഷംസീര്‍ ഷാന്‍
Monday, 29th October 2018, 6:49 pm

അബുദാബി: പൂര്‍ണമായും സ്വദേശി എന്‍ജിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച കൃത്രിമോപഗ്രഹമായ ഖലീഫാ സാറ്റ് വിജയകരമായി വിക്ഷേപിച്ച് യു.എ.ഇ. ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഖലീഫസാറ്റ് വാനിലേക്ക് ഉയര്‍ന്നത്. മിറ്റ് സുബിഷി ഹെവി ഇന്‍ഡസ് ട്രീസിന്റെ എച്ച്.ആര്‍ 2 റോക്കറ്റാണ് കൃത്രിമോപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.

റോക്കറ്റില്‍ നിന്ന് വേര്‍പെട്ട ഉപഗ്രഹം ലക്ഷ്യം സാക്ഷാത്കരിച്ചതായി അധികൃതര്‍ അറിയിച്ചു. എച്ച്.ആര്‍ 2 റോക്കറ്റ് 2001 ലാണ് മിറ്റ് സുബിഷി വികസിപ്പിച്ചത്. വിക്ഷേപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഖലീഫസാറ്റ് റോക്കറ്റില്‍നിന്ന് വേര്‍പെടുകയും ഊര്‍ജം നല്‍കാനുള്ള സൗരോര്‍ജ പാനലുകള്‍ വിടരുകയും ചെയ്തു. വിക്ഷേപണം നിരീക്ഷിക്കുന്നതിന് മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രസംഘം ജപ്പാനിലെത്തിയിരുന്നു.


Read Also : അയോധ്യക്കേസ് മാറ്റിവെച്ചത് ബി.ജെ.പിക്ക് തിരിച്ചടി


 

വിക്ഷേപണം എം.ബി.ആര്‍.എസ്.സി വെബ്സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്തു. ആഹ്ലാദത്തോടെയാണ് വിക്ഷേപണം യു.എ.ഇ ശാസ്ത്രലോകം വീക്ഷിച്ചത്. കൃത്രിമോപഗ്രഹ നിര്‍മാണത്തിനും രൂപകല്‍പനക്കും ദക്ഷിണ കൊറിയയാണ് ഇമാറാത്തി എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. ഖലീഫസാറ്റിന്റെ വിക്ഷേപണം യു.എ.ഇയുടെ ദേശീയ ബഹിരാകാശ മേഖലക്ക് പുതിയ യുഗം നല്‍കിയതായി ദുബൈ കിരീടാവകാശിയും എം.ബി.ആര്‍.എസ്.സി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.

ഖലീഫസാറ്റ് അഞ്ച് വര്‍ഷം ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകും. ഉന്നത ഗുണമേന്മയുള്ള ചിത്രങ്ങള്‍ ഇത് എം.ബി.ആര്‍.എസ്.സിയിലേക്ക് അയക്കും. നഗരാസൂത്രണത്തിനും ഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും പ്രകൃതിദുരന്ത ഘട്ടങ്ങളില്‍ ദുരിതാശ്വാസമെത്തിക്കുന്നതിനും ഈ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.