കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണിത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തല്ലുമാല, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ.
പ്രസാദ് എന്ന ഡ്രൈവറുടെ കഥാപാത്രമായി കയ്യടി നേടുന്ന ഖാലിദ് റഹ്മാൻ പറയുന്നത് അഭിനയം തന്റെ പാഷൻ അല്ലായെന്നാണ്. സൗബിൻ സംവിധാനം ചെയ്ത പറവയിൽ വർക്ക് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നോട് ചിത്രത്തിൽ അഭിനയിക്കാൻ പറഞ്ഞതാണെന്നും അങ്ങനെയാണ് അഭിനേരംഗത്തേക്ക് താനെത്തുന്നതെന്നും ഖാലിദ് പറഞ്ഞു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു ഖാലിദ്.
‘അഭിനയം എന്റെ പാഷൻ ഒന്നുമല്ലായിരുന്നു. ഇതിനുമുമ്പ് അഭിനയിച്ചിട്ടുള്ളത് സൗബിന്റെ കൂടെ തന്നെ പറവയിലാണ്. സൗബി അന്ന് പറവ ചെയ്യുന്ന സമയത്ത് ഞാനെന്റെ സിനിമ കഴിഞ്ഞ് ഇരിക്കുകയാണ്. അന്നെനിക്ക് സൗബിന്റെ സിനിമയിൽ എന്തെങ്കിലും വർക്ക് ചെയ്യണമെന്നായിരുന്നു ആഗ്രഹം.
ഞാൻ സൗബിനോട് അസിസ്റ്റന്റ് ആക്കാൻ പറ്റുമോയെന്ന് ചോദിച്ചു. പല ഡിപ്പാർട്ട്മെന്റിൽ കയറി പറ്റാൻ നോക്കി. പക്ഷെ ഒന്നും നടന്നില്ല. അപ്പോൾ സൗബിൻ നമുക്ക് അഭിനയിക്കാമെന്ന് പറഞ്ഞു. അതെങ്കിൽ അതെന്ന് പറഞ്ഞിട്ടാണ് പറവയിൽ അഭിനയിക്കുന്നത്.
മഞ്ഞുമ്മലിലേക്ക് വന്നാൽ സൗബിൻ തന്നെയാണ് ഇതിലേക്കും വിളിച്ചത്. അന്ന് സൗബിൻ വിളിച്ച് പറഞ്ഞു, നമ്മൾ ഇങ്ങനെ അടുത്ത പടം ചെയ്യുകയാണ്. കൊടൈക്കനാലിലാണ് ഷൂട്ട്, ചിദുവാണ് സംവിധായകൻ. എനിക്കെല്ലാം ഓക്കേ ആയിരുന്നു.
ഞാൻ ചിന്തിച്ചത് അവിടെ ചെന്ന് എൻജോയ് ചെയ്യാം എന്നായിരുന്നു. സൗബിൻ പറഞ്ഞു ഇതിലും അഭിനയിക്കാനാണ് ഉള്ളതെന്ന്. അതും എനിക്ക് ഓക്കെ ആയിരുന്നു. കാരണം നമുക്ക് വിശ്വസിക്കാൻ കഴിയുന്ന നല്ല ക്രൂ മെമ്പേഴ്‌സ് അല്ലേ സിനിമയിലുള്ളത്,’ഖാലിദ് റഹ്മാൻ പറയുന്നു.
Content Highlight: Khalidh Rhaman Talk About His Entry In Acting