എന്റെ അടുത്ത ചിത്രം നസ്‌ലെനൊപ്പം, കൂടെ അവരും; ആ ഴോണറിന് ഒരു പ്രത്യേകതയുണ്ട്: ഖാലിദ് റഹ്‌മാന്‍
Entertainment
എന്റെ അടുത്ത ചിത്രം നസ്‌ലെനൊപ്പം, കൂടെ അവരും; ആ ഴോണറിന് ഒരു പ്രത്യേകതയുണ്ട്: ഖാലിദ് റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th February 2024, 2:11 pm

തന്റെ സിനിമകളിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളം മുതൽ തുടങ്ങുന്നുണ്ട് ഖാലിദ് റഹ്മാന്റെ സിനിമകളിലെ വ്യത്യസ്തത. ഉണ്ട, തല്ലുമാല തുടങ്ങിയ ഖാലിദ് റഹ്മാൻ സിനിമകളും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ഇപ്പോൾ ഒരു അഭിനേതാവായും ഖാലിദ് കയ്യടി നേടുകയാണ്.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ഡ്രൈവർ പ്രസാദായി നടനായും തിളങ്ങുകയാണ് ഖാലിദ് റഹ്മാൻ. അഭിനയത്തിൽ സജീവമാവാൻ പോവുകയാണോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

ഈ വർഷം ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും നസ്ലെൻ, ലുക്മാൻ, ഗണപതി തുടങ്ങിയ യുവതാരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെന്നും ഖാലിദ് പറയുന്നു. താൻ തന്നെ സ്ക്രിപ്റ്റ് എഴുതുന്ന ചിത്രം ഒരു സ്പോർട്സ് കോമഡി ഴോണറിലുള്ള സിനിമയാണെന്നും അദ്ദേഹം റേഡിയോ സുനോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഒരു നടനെന്ന നിലയിൽ നിലവിൽ സിനിമകളൊന്നും ഇറങ്ങാനില്ല. ആരും വിളിച്ചിട്ടൊന്നുമില്ല. അഭിനയത്തിലേക്ക് വിളിച്ചാൽ ഇനി പോവുമോയെന്ന് ചോദിച്ചാൽ ഈ വർഷം ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് കരുതുന്നുണ്ട്. അതുകൊണ്ട് അതിലേക്ക് കൂടുതൽ ശ്രദ്ധിക്കാനാണ് ഞാൻ വിചാരിക്കുന്നത്.

ഞാൻ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ്. കാരണം ഒരു സിനിമ ചെയ്ത് കൊണ്ടിരിക്കുമ്പോൾ മറ്റൊന്നിലേക്ക് ഫോക്കസ് ചെയ്യാൻ പാടില്ലല്ലോ. അതുകൊണ്ട് ആ സിനിമയിലാണ് ഇനി ശ്രദ്ധ.

ഈ വരുന്ന മെയിൽ ഷൂട്ടിങ് തുടങ്ങുന്ന ഒരു സിനിമയാണ്. ഒരു ടീനേജ് ഫിലിം എന്ന് പറയുന്ന പോലെ നസ്ലെൻ, ലുക്മാൻ, ഗണപതി, സന്ദീപ് അങ്ങനെ കുറച്ച് യൂത്ത് വൈബിലുള്ള താരങ്ങളാണ് അഭിനയിക്കുന്നത്. അതിന്റെ ഴോണറിനെ കുറിച്ച് ചോദിച്ചാൽ അതൊരു സ്പോർട്സ് കോമഡി ഴോണറിലുള്ള സിനിമയാണ്. അത് നന്നായിട്ട് വരാനുള്ള വർക്കുകൾ നടന്ന് കൊണ്ടിരിക്കുന്നു.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഞാൻ തന്നെയാണ്. തല്ലുമാലയിലുള്ള ഭൂരിഭാഗം പ്രവർത്തകരും ഇതിലും കൂടെ വർക്ക്‌ ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റിന്റെ കൂടെ പ്രൊഡക്ഷനും ചെയ്യുന്നുണ്ട്. അങ്ങനെ കുറച്ച് ഭാരിച്ച ഉത്തരവാദിത്തമുള്ള സിനിമയാണത്,’ഖാലിദ് റഹ്മാൻ പറയുന്നു.

ഖാലിദ് റഹ്മാൻ അഭിനയിച്ച മഞ്ഞുമ്മൽ ബോയ്സ് നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ നാലാം വാരത്തിലും തകർത്തോടുകയാണ് നസ്ലെൻ നായകനായി എത്തിയ പ്രേമലു. ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ നല്ലൊരു സിനിമാനുഭവം തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Khalidh Rahman Talk About His Next Film With Naslen And Other Youngsters