അനുരാഗ കരിക്കിന് വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്റേതായ ഒരു മേല്‍വിലാസം ഉണ്ടാക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാന്. പിന്നീട് ഉണ്ട, ലൗ, തല്ലുമാല തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് കയറി വരാന്‍ റഹ്മാന് സാധിച്ചിരുന്നു.
ഖാലിദ് റഹ്മാനുമായി സിനിമ ചെയ്യുന്ന കാര്യം മുമ്പ് നടന് പൃഥ്വിരാജ് സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഖാലിദ് റഹ്മാന്. തങ്ങള്‍ ഒന്നിക്കട്ടെ, കാണിച്ചു തരാമെന്നാണ് റഹ്മാന് പറഞ്ഞത്.
പ്രൊഡക്ഷന്‍ ഹൗസും ആക്ടേഴ്സ് ഡിപ്പാര്‍ട്മെന്റും ചേര്‍ന്ന് ആ പ്രൊജക്റ്റിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിന്റെ കണ്ഫര്മേഷന്സൊന്നും ഇതുവരെ വന്നിട്ടില്ലെന്നുമാണ് സംവിധായകന് പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റേഡിയോ മാഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒന്നിക്കട്ടെ, കാണിച്ചു തരാം (ചിരി). ആ പ്രൊജക്റ്റിന്റെ ഡിസ്ക്കഷന്‍സ് നടക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ഹൗസും ആക്ടേഴ്സ് ഡിപ്പാര്‍ട്മെന്റും ചേര്‍ന്നാണ് ഡിസ്ക്കഷന് നടക്കുന്നത്. ഡിപ്പാര്‍ട്മെന്റ് ബേസ്ഡായ ചര്‍ച്ചകളാണ് നടക്കുന്നത്. പക്ഷെ അതിന്റെ കണ്ഫര്മേഷന്സൊന്നും ഇതുവരെ വന്നിട്ടില്ല,’ ഖാലിദ് റഹ്മാന് പറഞ്ഞു.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. നസ്ലെന്, അനഘ രവി, ലുക്മാന്, ഗണപതി തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രം ബോക്സിങ് ഴോണറിലാണ് എത്തുന്നത്.
Content Highlight: Khalid Rahman Talks About Prithviraj Sukumaran