| Friday, 11th October 2024, 10:03 pm

രണ്ടുപേര്‍ തല്ലുപിടിക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്ത ആരുമില്ല; ബോക്‌സിങ് ചിത്രമെടുക്കാന്‍ കാരണമുണ്ട്: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ട് വലിയ ശ്രദ്ധ നേടിയ ടൊവിനോ തോമസ് ചിത്രമായിരുന്നു തല്ലുമാല. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ആക്ഷന്‍ പടമായിരുന്നു.

യൂത്തിനിടയില്‍ വലിയ ആഘോഷമായി മാറിയ ചിത്രത്തില്‍ ലുക്മാന്റെയും ഷൈന്‍ ടോം ചാക്കോയുടെയും ഗംഭീര പ്രകടനം കാണാന്‍ കഴിഞ്ഞിരുന്നു. ചിത്രത്തിനായി എല്ലാ അഭിനേതാക്കളുമെടുത്ത എഫേര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു.

ഖാലിദ് റഹ്‌മാന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. നസ്ലെന്‍, അനഘ രവി, ലുക്മാന്‍, ഗണപതി തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രം ബോക്‌സിങ് ഴോണറിലാണ് എത്തുന്നത്. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍. റേഡിയോ മാഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യമായിട്ടാണ് ബോക്‌സിങ് ഴോണറില്‍ മലയാളത്തില്‍ ഒരു സിനിമ വരുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടുപേര്‍ തമ്മില്‍ തല്ലുപിടിക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്ത ആരുമില്ല. തല്ലുമാലയില്‍ കുറേപേര്‍ തല്ലുപിടിക്കുന്നതാണ് കാണിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് തല്ലുപിടിക്കുന്നത്.

പിന്നെ ഇതൊരു സ്‌പോര്‍ട്ടാണ്. അല്ലാതെ വെറുമൊരു തല്ലുപിടിത്തമായി കാണരുത്. പോയിന്റുകള്‍ക്ക് വേണ്ടി മാത്രം മത്സരിക്കുന്നതാണ്. ഇഞ്ചുവേര്‍ഡാക്കാനോ രക്തം ചൊരിയിക്കാനോ വേണ്ടിയല്ല ഫൈറ്റ് ചെയ്യുന്നത്. പോയിന്റിന് വേണ്ടി മാത്രം മത്സരിക്കുന്ന സ്‌പോര്‍ട്ടാണ് ബോക്‌സിങ്.

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്‌പോര്‍ട്ടാണ് ബോക്‌സിങ്. പണ്ടുമുതലേ ഞാന്‍ സ്‌പോര്‍ട്‌സ് ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഒരു സ്‌പോര്‍ട്‌സ് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്തുകൊണ്ട് ബോക്‌സിങ് ചെയ്തുകൂടെന്ന് ചിന്തിച്ചു,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.


Content Highlight: Khalid Rahman Talks About Alappuzha Gymkhana Movie

We use cookies to give you the best possible experience. Learn more