അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തുടർന്നിറങ്ങിയ ഉണ്ട, ലൗ, തല്ലുമാല തുടങ്ങിയ വ്യത്യസ്ത സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഖാലിദ് കയറി വന്നു.
ഇവയിൽ തന്നെ തല്ലുമാല അന്നുവരെ മലയാള സിനിമയിൽ കാണാത്ത മേക്കിങ് പരീക്ഷിച്ച ചിത്രമായിരുന്നു. യൂത്തിനെ വലിയ രീതിയിൽ തിയേറ്ററിൽ എത്തിച്ച ചിത്രമായിരുന്നു തല്ലുമാല. തല്ലുമാലയിലെ പൾപ്പ് ഫിക്ഷൻ റഫറൻസിനെ കുറിച്ച് സംസാരിക്കുകയാണ് ഖാലിദ് റഹ്മാൻ.
ലോക പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടറന്റിനോ ഒരുക്കിയ ക്ലാസിക് ചിത്രമായി കരുതുന്ന സിനിമയാണ് പൾപ്പ് ഫിക്ഷൻ. തല്ലുമാലയിലെ ഒരു സീൻ പൾപ്പ് ഫിക്ഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും എന്നാൽ അത് തനിക്ക് അറിയില്ലായിരുന്നുവെന്നും ഖാലിദ് റഹ്മാൻ പറയുന്നു.
പിന്നീടാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുഹ്സിൻ പരാരി അതിനെ കുറിച്ച് പറയുന്നതെന്നും അതിലൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറയുന്നു. ടറന്റീനോ പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് പ്രശ്നമില്ലെന്നും ഖാലിദ് റഹ്മാൻ കൂട്ടിച്ചേർത്തു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ഖാലിദ്.
‘അതൊക്കെ മുഹ്സിൻ പരാരി അടിച്ചുമാറ്റിയതാണ് എന്താ സംശയം. നൂറ് ശതമാനവും അടിച്ച് മാറ്റിയതാണ്. പക്ഷെ അതൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടാണ് അവൻ പറയുന്നത്. സത്യത്തിൽ എനിക്ക് ഒരുപാട് ഇന്റർനാഷണൽ സിനിമകൾ കാണാൻ പറ്റിയിട്ടില്ല. അതിനെ കുറിച്ച് വലിയ അറിവുമില്ല.
അതിനുള്ള സാഹചര്യം കിട്ടിയിട്ടില്ല എന്നല്ല. ഞാനത് ചൂസ് ചെയ്തിട്ടില്ല. ഈ പൾപ്പ് ഫിക്ഷൻ എന്ന സിനിമ കഴിഞ്ഞ വർഷമാണ് ഞാൻ കാണുന്നത്. അത് അങ്ങനെയൊരു ക്രെഡിറ്റായിട്ട് പറയുന്നതല്ല. പക്ഷെ എനിക്ക് കഴിഞ്ഞ കൊല്ലമാണ് അത് കാണാൻ പറ്റിയത്.
അത് കണ്ടപ്പോഴാണ് ഞാൻ തല്ലുമാലയിലെ ആ സീൻ ശ്രദ്ധിച്ചത്. ഞാൻ മുഹ്സിനോട് അതിനെ കുറിച്ച് ചോദിച്ചു. അപ്പോഴാണ് അവൻ, അതെ നമ്മൾ അത് തന്നെയാണ് ചെയ്തതെന്ന് പറയുന്നത്. തല്ലുമാല ചെയ്യുമ്പോൾ നിനക്കത് മനസിലായില്ലല്ലോ, അപ്പോൾ പ്രശ്നമില്ലായെന്ന് അവൻ പറഞ്ഞു. പിന്നെ എന്താണ് കുഴപ്പം.
പിന്നെയാണ് എനിക്ക് മാനസിലായത് ടറന്റിനോ എന്ന സംവിധായകൻ ഒന്നും പുതിയതായി ചെയ്തിട്ടില്ല. മൂപ്പരെല്ലാം അടിച്ച് മാറ്റിയിട്ടേയുള്ളൂ. പിന്നെന്താ പ്രശ്നം,’ഖാലിദ് റഹ്മാൻ പറയുന്നു.
Content Highlight: Khalid Rahman Talk About Thallumala Movie and Pulp Fiction