| Sunday, 27th October 2024, 8:55 am

ഈ സിനിമയ്‌ക്ക് ഒരു കഥയില്ലെന്ന് പറഞ്ഞാണ് അവൻ ആ കഥ പറഞ്ഞത്, അതായിരുന്നു ഇൻട്രെസ്റ്റിങ്: ഖാലിദ് റഹ്മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തുടർന്നിറങ്ങിയ ഉണ്ട, ലൗ, തല്ലുമാല തുടങ്ങിയ വ്യത്യസ്ത സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഖാലിദ് കയറി വന്നു.

ഇവയിൽ തന്നെ തല്ലുമാല അന്നുവരെ മലയാള സിനിമയിൽ കാണാത്ത മേക്കിങ് പരീക്ഷിച്ച ചിത്രമായിരുന്നു. യൂത്തിനെ വലിയ രീതിയിൽ തിയേറ്ററിൽ എത്തിച്ച ചിത്രമായിരുന്നു തല്ലുമാല. മുഹ്സിൻ പരാരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് പറയാൻ വന്നപ്പോൾ മുഹ്സിൻ പരാരി തന്നോട് പറഞ്ഞത് ഇതിനൊരു കഥയില്ലെന്നായിരുന്നുവെന്ന് ഖാലിദ് റഹ്മാൻ പറയുന്നു. എട്ട് പാട്ടും എട്ട് ഇടിയുമുള്ള കഥയാണ് ചിത്രത്തിന്റേതെന്നും സാധാരണ ഒരു സിനിമയാണെങ്കിൽ ഇത്രയും കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ മറ്റൊന്നും കാണാൻ ഉണ്ടാവില്ലെന്നും ഖാലിദ് പറയുന്നു. ചെയ്യാത്ത ഒരു തരം സിനിമ ഒരുക്കാനായിരുന്നു തങ്ങൾ ശ്രമിച്ചതെന്നും ഖാലിദ് റഹ്മാൻ പറഞ്ഞു.

‘തുടക്കം മുതൽ അങ്ങനെ തന്നെയാണ് തല്ലുമാല. ഇതിന്റെ ഒരു സ്ക്രിപ്റ്റ് മുഹ്സിൻ വന്ന് പറയുന്ന സമയത്ത് അവൻ എന്നോട് പറഞ്ഞത് ഇതിലൊരു കഥയില്ലായെന്നാണ്. ഇതൊരു കൺസെപ്റ്റാണ് പ്രത്യേകിച്ച് കഥയില്ലെന്ന് മുഹ്സിൻ പറഞ്ഞു.

തല്ലുമാല എന്നൊരു ഐഡിയയാണെന്ന് പറഞ്ഞു. ഇതിൽ എട്ട് പാട്ടുണ്ട് എട്ട് ഇടിയുണ്ടെന്ന് മുഹ്സിൻ പറഞ്ഞു. സാധാരണ ഗതിയിൽ ഒരു സിനിമയിൽ എട്ട് പാട്ടും ഫൈറ്റും വന്നാൽ പിന്നെ സിനിമയിൽ കാണാൻ ഒന്നുമുണ്ടാവില്ല.

നോർമലി നമ്മൾ ചെയ്യുന്ന ആ ഒരു വർക്ക്‌ ഫ്ലോയിൽ പോയി കഴിഞ്ഞാൽ സിനിമയുടെ പൂർണമായ ഒരു എന്റർടൈൻമെന്റ് സാധനം കിട്ടില്ലെന്ന്‌ തോന്നി. പിന്നെ തല്ലുമാല പോലൊരു വർക്ക് ഞങ്ങൾ ആരും മുമ്പ് ചെയ്തിട്ടില്ല. മുഹ്സിനാണെങ്കിലും ചെയ്തിട്ടില്ല.

അറിയാത്ത ഒരു ജോലി ചെയ്യുമ്പോഴാണ് കുറച്ചുകൂടെ ഇൻട്രെസ്റ്റിങ്ങായിട്ട് നമുക്ക് തോന്നുക. അതുകൊണ്ട് തുടക്കം മുതലേ ഞങ്ങൾ അതിന് ശ്രമിക്കുന്നുണ്ട്,’ഖാലിദ് റഹ്മാൻ പറയുന്നു.

Content Highlight: Khalid Rahman Talk About Script Of Thallumala

We use cookies to give you the best possible experience. Learn more