|

തല്ലുമാലയുടെ ഷൂട്ടിനിടയില്‍ ഞാനും മഷര്‍ ഹംസയും തമ്മിലുള്ള അടി കണ്ട് അയാള്‍ പേടിച്ചുപോയി: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഖാലിദ് റഹ്‌മാന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഖാലിദ് പിന്നീട് ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. നോണ്‍ ലീനിയറായി എടുത്ത തല്ലുമാല എന്ന ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലോകേഷ് കനകരാജ് അടക്കമുള്ള സംവിധായകര്‍ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തി.

തല്ലുമാലയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഖാലിദ് റഹ്‌മാന്‍. ചിത്രത്തിലെ തൂ പാത്തു എന്ന പാട്ടിന്റെ ഷൂട്ടിനിടയില്‍ താനും കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസയും തമ്മില്‍ തര്‍ക്കത്തിലായെന്ന് ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. കൊറിയോഗ്രാഫി ടീം പ്രാക്ടീസ് ചെയ്യുന്ന സമയത്ത് താനും അവിടെയുണ്ടായിരുന്നെന്നും അവിടേക്ക് മഷര്‍ ഹംസ വന്നെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു.

കോസ്റ്റ്യൂമിന്റെ പേരില്‍ എന്തോ കണ്‍ഫ്യൂഷന്‍ മഷറിന് ഉണ്ടായിരുന്നെന്നും തന്നോട് പറഞ്ഞപ്പോള്‍ താന്‍ വല്ലാതെ ഷൗട്ട് ചെയ്‌തെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. തങ്ങള്‍ രണ്ടുപേരും സെറ്റില്‍ വെച്ച് വലിയ അടിയായെന്നും ഒച്ചപ്പാടും ബഹളവും കണ്ടിട്ട് കൊറിയോഗ്രഫര്‍ പേടിച്ചെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഭയങ്കര വയലന്റാണെന്നും മഷര്‍ അതിലും വലിയ വയലന്റാണെന്നും കൊറിയോഗ്രാഫര്‍ വിചാരിച്ചെന്നും ഖാലിദ് പറഞ്ഞു. കുറച്ചുനേരം ബ്രേക്ക് വിളിച്ചിട്ട് താന്‍ മാറി നിന്നെന്നും ആ സമയത്തും പ്രാക്ടീസ് നടക്കുകയായിരുന്നെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് സമയം കഴിഞ്ഞ് കൊറിയോഗ്രാഫര്‍ പുറത്തേക്ക് പോയപ്പോള്‍ താനും മഷറും ചായയും പഴംപൊരിയും ഷെയര്‍ ചെയ്യുന്നതാണ് കണ്ടതെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.

‘തല്ലുമാലയിലെ പാത്തു റാപ്പ് ഷൂട്ട് ചെയ്യുകയായിരുന്നു. അതിന്റെ കൊറിയോഗ്രാഫറും ടീമുമൊക്കെ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആ സമയത്ത് കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ സെറ്റിലേക്ക് വന്നു. പുള്ളിക്ക് കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ എന്തോ കണ്‍ഫ്യൂഷനുണ്ടായിരുന്നു. എന്നോട് അത് പറഞ്ഞപ്പോള്‍ എന്റെ കണ്‍ട്രോള്‍ പോയി. ഞാന്‍ ഒരുപാട് ഷൗട്ട് ചെയ്തു.

ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ ഭയങ്കര അടിയായി. ഷൂട്ട് നടക്കില്ലെന്ന അവസ്ഥ വരെയായി. ഞങ്ങളുടെ അടി കണ്ടിട്ട് കൊറിയോഗ്രാഫര്‍ക്ക് പേടിയായി. ഞാന്‍ ഭയങ്കര വയലന്റാണ്, മഷര്‍ എന്നെക്കാളും വയലന്റാണെന്നെന്ന് മനസിലായി. ഞാന്‍ രണ്ട് മിനിറ്റ് ബ്രേക്ക് വിളിച്ചു. കൊറിയോഗ്രാഫര്‍ കുറച്ച് കഴിഞ്ഞ് പുറത്തേക്ക് നടപ്പോള്‍ ഞാനും മഷറും കൂടി ഒരു പഴംപൊരിയും കട്ടനും ഷെയര്‍ ചെയ്യുന്നതാണ് കണ്ടത്. പുള്ളി അത് കണ്ട് വണ്ടറടിച്ചു,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Khalid Rahman shares the shooting experience of Thallumala movie