| Sunday, 27th October 2024, 5:04 pm

തല്ലുമാല പോലെയല്ല ആലപ്പുഴ ജിംഖാന, ചെറിയൊരു വ്യത്യാസമുണ്ട്: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് ഖാലിദ് റഹ്‌മാന്‍. പിന്നീട് വ്യത്യസ്ത ഴോണറുകളില്‍ സിനിമകള്‍ ചെയ്ത് മലയാളത്തിലെ പ്രോമിസിങ് സംവിധായകരിലൊരാളായി മാറാന്‍ ഖാലിദ് റഹ്‌മാന് സാധിച്ചു. ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത തല്ലുമാല വ്യത്യസ്തമായ മേക്കിങ് കൊണ്ട് ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി മാറി. തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് വരെ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തി.

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്‌ലെന്‍, ലുക്ക്മാന്‍, ഗണപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബോക്‌സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

മലയാളത്തില്‍ ബോക്‌സിങ് പ്രധാന തീമായി വരുന്ന ആദ്യ ചിത്രമായിരിക്കും ആലപ്പുഴ ജിംഖാനയെന്ന് ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. രണ്ട് പേര്‍ തമ്മില്‍ തല്ലുപിടിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാകില്ല എന്ന ചിന്തയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

തല്ലുമാലയില്‍ ഒരുപാട് പേര്‍ തമ്മിലുള്ള ഫൈറ്റിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ഈ ചിത്രത്തില്‍ രണ്ട് പേര്‍ തമ്മിലുള്ള ഫൈറ്റിനാണ് പ്രാധാന്യമെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. പോയിന്റുകള്‍ക്ക് പ്രാധാന്യമുള്ള ബോക്‌സിങ് ചെറുപ്പം മുതല്‍ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും അങ്ങനെയാണ് ഈ ചിത്രം ഒരുക്കുന്നതെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖാലിദ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.

‘ബോക്‌സിങ് പ്രധാന തീമായിട്ട് വരുന്ന സിനിമയാണ് ആലപ്പുഴ ജിംഖാന. മലയാളത്തില്‍ ഈയൊരു തീമില്‍ വരുന്ന ആദ്യത്തെ സിനിമയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. രണ്ടുപേര്‍ തമ്മില്‍ തല്ലുപിടിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാകില്ലല്ലോ. തല്ലുമാലയില്‍ ഒരുപാട് പേര്‍ തമ്മിലുള്ള ഫൈറ്റാണല്ലോ കാണിച്ചത്. ഇതില്‍ പ്രധാനമായും രണ്ടുപേര്‍ തമ്മിലുള്ള ഫൈറ്റിനാണ് ഇംപോര്‍ട്ടന്‍സ്. അതാണ് രണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം.

ഫൈറ്റിനെക്കാള്‍ പോയിന്റുകള്‍ക്കാണ് ബോക്‌സിങ്ങില്‍ പ്രാധാന്യം. അതുകൊണ്ട് വെറുമൊരു തല്ലുപിടിത്തമായി ഈ പടത്തെ കാണരുത്. ആരെയും പരിക്കേല്‍പ്പിക്കാനോ ചോര വീഴ്ത്താനോ ബോക്‌സിങില്‍ ആരും ആഗ്രഹിക്കുന്നില്ല. ചെറുപ്പം മുതല്‍ തന്നെ ഈയൊരു സ്‌പോര്‍ട്ടിനോട് എനിക്ക് ഇന്‍ട്രെസ്റ്റുണ്ട്. ഒരു സ്‌പോര്‍ട്‌സ് സിനിമ ചെയ്യണമെന്ന ആഗ്രഹം വന്നപ്പോള്‍ ആദ്യം മനസില്‍ വന്നത് ബോക്‌സിങ്ങാണ്. അങ്ങനെയാണ് ഈ സിനിമയിലേക്കെത്തുന്നത്,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

Content Highlight: Khalid Rahman says Alappuzha Gymkhana different from Thallumala

We use cookies to give you the best possible experience. Learn more