|

ഇനി അറിയില്ലെന്ന് പറയരുത്, മലയാളസിനിമയിലെ ഖാലിദ് ഫാമിലിയെപ്പറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത സിനിമ ആദ്യദിനം നേടിയത് മൂന്ന് കോടിക്കു മുകളിലാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാന താരങ്ങള്‍. ബോക്‌സ് ഓഫീസിലെ കുതിപ്പിനൊപ്പം നിരൂപകപ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇതിനിടയില്‍ സിനിമയുടെ റിവ്യൂ ചെയ്ത മലയാളത്തിലെ റിവ്യൂക്കാര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

ചിത്രത്തിലെ ഡ്രൈവര്‍ പ്രസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രശസ്ത സംവിധായകന്‍ ഖാലിദ് റഹ്‌മാനാണ്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. സിനിമകളെ ഇഴകീറി വിമര്‍ശിക്കുന്ന സോ കോള്‍ഡ് റിവ്യൂവേഴ്‌സ് ഇത്രയും പ്രശസ്തനായ സംവിധായകനെ തിരിച്ചറിയാത്തത് മോശമാണെന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനം. ഖാലിദ് റഹ്‌മാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയല്ല മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ, മായാനദി എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ഖാലിദ് റഹ്‌മാന്റെ ആദ്യ മുഴുനീള വേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിലേത്. മഞ്ഞുമ്മലിലെ പിള്ളേര്‍ വിളിച്ചയുടനെ തന്നെ അവരോടൊപ്പം വണ്ടിയെടുത്തുകൊണ്ടു പോവുകയും, അപകടം നടന്നപ്പോള്‍ കൂടെ നില്‍ക്കുകയും ചെയ്ത പ്രസാദിന് ഗംഭീര കൈയടിയായിരുന്നു ലഭിച്ചത്.

ഖാലിദ് റഹ്‌മാന്റെ കുടുംബത്തിലെ എല്ലാവരും സിനിമാമേഖലയില്‍ ഉളളവരാണെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത. റഹ്‌മാന്റെ പിതാവ് വി.പി. ഖാലിദ് അറിയപ്പെടുന്ന നാടകനടനാണ്. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വി.പി ഖാലിദ് അനുരാഗകരിക്കിന്‍ വെള്ളം, തല്ലുമാല, പുഴു, വികൃതി, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്

ഖാലിദ് റഹ്‌മാന്റെ സഹോദരങ്ങളായ ഷൈജു ഖാലിദും ജിംഷി ഖാലിദും ക്യാമറക്ക് പിന്നില്‍ നിന്ന് പ്രശസ്തരായവരാണ്. രണ്ടുപേരും അറിയപ്പെടുന്ന ഛായാഗ്രഹകരാണ്. മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രം എന്നറിയപ്പെടുന്ന ട്രാഫിക്കാണ് ഷൈജുവിന്റെ ആദ്യ ചിത്രം. ഇടുക്കി ഗോള്‍ഡ്, മഹേഷിന്റെ പ്രതികാരം, ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷൈജുവിന്റെ ഏറ്റവും പുതിയ വര്‍ക്ക് മഞ്ഞുമ്മല്‍ ബോയ്‌സാണ്. മഞ്ഞുമ്മലിലെ പോസിറ്റീവ് ഘടകങ്ങളിലൊന്ന് ഷൈജുവിന്റെ ഫ്രെയിമുകളാണ്. കൊടൈക്കനാലിന്റെ ഭംഗിയും ഗുണാ കേവ്‌സിന്റെ നിഗൂഢതയും ഷൈജു പകര്‍ത്തിയ വിധം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലെ സേതുലക്ഷ്മി എന്ന സെഗ്മെന്റ് സംവിധാനം ചെയ്തതും ഷൈജു ഖാലിദാണ്.

ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിന് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി ഖാലിദ് സിനിമാരംഗത്തേക്കെത്തുന്നത്. പിന്നീട് വിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണെന്നു പറയാം. ചിത്രത്തിലെ ഗാനങ്ങളും സംഘട്ടനരംഗങ്ങളും ജിംഷി ചിത്രീകരിച്ച രീതി അഭിനന്ദനാര്‍ഹമായിരുന്നു. കേരളത്തിന് പുറത്തും തല്ലുമാല ഇത്രയും വലിയ ചര്‍ച്ചാവിഷയമായതില്‍ ജിംഷിയുടെ സംഭാവനയും ചെറുതല്ല.

മലയാള സിനിമക്ക് ഇനിയും ഈ കുടുംബം മികച്ച ചിത്രങ്ങള്‍ സമ്മാനിക്കട്ടെ.

Content Highlight: Khalid Rahman and his family associated to Malayalam cinema