| Sunday, 13th October 2024, 7:26 pm

ആ സംവിധായകന്‍ പുതിയതായിട്ടൊന്നും ചെയ്തിട്ടില്ല, എല്ലാം അടിച്ചുമാറ്റിയിട്ടേയുള്ളൂ: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഖാലിദ് റഹ്‌മാന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഖാലിദ് പിന്നീട് ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങള്‍ ഖാലിദ് അണിയിച്ചൊരുക്കി. നോണ്‍ ലീനിയറായി എടുത്ത തല്ലുമാല എന്ന ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലോകേഷ് കനകരാജ് അടക്കമുള്ള സംവിധായകര്‍ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തി. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറാനും തല്ലുമാലക്ക് സാധിച്ചു.

ചിത്രത്തിലെ പല സീനുകളിലും ഹോളിവുഡ് ചിത്രമായ പള്‍പ്പ് ഫിക്ഷന്റെ റഫറന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഇക്കാര്യം അറിയുന്നത് കഴിഞ്ഞ വര്‍ഷമാണെന്നും അപ്പോഴാണ് എഴുത്തുകാരന്‍ മുഹ്‌സിന്‍ പരാരി ഇക്കാര്യം സമ്മതിച്ചതെന്നും ഖാലിദ് പറഞ്ഞു. താന്‍ ഹോളിവുഡ് സിനിമകള്‍ അധികം കാണാറില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അറിയില്ലായിരുന്നെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു. പള്‍പ് ഫിക്ഷനിലെ സീന്‍ കണ്ടപ്പോള്‍ തന്നെ താന്‍ ഇക്കാര്യം മുഹ്‌സിനോട് ചോദിച്ചെന്നും അപ്പോഴാണ് അയാള്‍ സമ്മതിച്ചതെന്നും ഖാലിദ് പറഞ്ഞു.

തനിക്ക് പോലും ഇപ്പോഴാണ് മനസിലായതെന്നും ഖാലിദ് പറഞ്ഞു. ടാറന്റിനോ എന്ന സംവിധായകന്‍ പുതുതായി ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം അടിച്ചുമാറ്റിയിട്ടേ ഉള്ളൂവെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു. അതൊരു മോശം പ്രവണതയാണെന്ന് താന്‍ പറയുന്നില്ലെന്നും എന്നാല്‍ എല്ലവരും അത് തുടര്‍ന്നാല്‍ ശരിയാവില്ലെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖാലിദ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.

‘പള്‍പ് ഫിക്ഷനില്‍ നിന്ന് അത്യാവശ്യം തെറ്റില്ലാത്ത രീതിയില്‍ അടിച്ചുമാറ്റിയിട്ടുണ്ട്. പക്ഷേ, അത് ചെയ്തത് ഞാനല്ല, മുഹ്‌സിനാണ്. എന്നോട് ഈ കാര്യം പറയുന്നത് പടം ഇറങ്ങിയതിന് ശേഷമാണ്. അത് എങ്ങനെയാണെന്ന് ചോദിച്ചാല്‍, ഞാന്‍ ഹോളിവുഡ് സിനിമകളൊന്നും അധികം കാണാറില്ല. ഇതൊരു വലിയ ക്രെഡിറ്റായിട്ടല്ല പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ പള്‍പ് ഫിക്ഷന്‍ കണ്ടത്. അപ്പോഴാണ് അതിലെ സീനുകള്‍ പലതും ഈ പടത്തില്‍ നിന്ന് എടുത്തതാണെന്ന് മനസിലായത്.

ഇത് ഞാന്‍ മുഹ്‌സിനോട് ചോദിച്ചപ്പോള്‍ തന്നെ അവന്‍ സമ്മതിച്ചു. ‘ഈ കാര്യം ഇപ്പോഴല്ലേ തനിക്ക് മനസിലായത്’ എന്ന് മുഹ്‌സിന്‍ എന്നോട് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. ‘അതുപോലെ ബാക്കിയുള്ളവര്‍ക്കും പിന്നീടേ മനസിലാകൂ’ എന്ന് മുഹ്‌സിന്‍ പറഞ്ഞു. പിന്നീടാണ് എനിക്ക് വേറൊരു കാര്യം മനസിലായത്.

ടാറന്റിനോ എന്ന സംവിധായകന്‍ പുതിയതായി ഒന്നും ചെയ്തിട്ടില്ല, എല്ലാം അടിച്ചുമാറ്റിയിട്ടേ ഉള്ളൂ. ഇങ്ങനെ അടിച്ചുമാറ്റുന്നത് മോശം പ്രവണതയാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ എല്ലാവരും അതുപോലെ ചെയ്യാനിറങ്ങിയാല്‍ ശരിയാകില്ല എന്നേ പറയാന്‍ പറ്റുള്ളൂ,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Khalid Rahman admits that Thallumaala movie has similarities with Pulp Fiction

We use cookies to give you the best possible experience. Learn more