| Thursday, 10th April 2025, 8:35 am

ഞാനും ആ നടനും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നുണ്ട്, ഡിസ്‌കഷന്‍ മാത്രമേ നടക്കുന്നുള്ളൂ: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഖാലിദ് റഹ്‌മാന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഖാലിദ് പിന്നീട് ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. നോണ്‍ ലീനിയറായി എടുത്ത തല്ലുമാല എന്ന ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലോകേഷ് കനകരാജ് അടക്കമുള്ള സംവിധായകര്‍ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തി.

ഖാലിദ് റഹ്‌മാനും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍. താനും ആ റൂമറുകള്‍ കണ്ടിരുന്നെന്ന് ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. സിനിമ വരുന്നുണ്ടെന്നുള്ള റൂമറുകള്‍ സത്യമല്ലെന്നും എന്നാല്‍ തങ്ങള്‍ തമ്മില്‍ കഥകള്‍ ഡിസ്‌കസ് ചെയ്യാറുണ്ടെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പും താനും പൃഥ്വിരാജും ഒരുപാട് കഥകള്‍ ഡിസ്‌കസ് ചെയ്തിട്ടുണ്ടെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ഇപ്പോഴും ഡിസ്‌കഷന്‍ സംഭവിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ റൂമറുകള്‍ വരാന്‍ കാരണമെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. പൃഥ്വിരാജിന്റെ കാര്യത്തില്‍ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ വീട്ടില്‍ താന്‍ ഇടക്കിടെ പോകാറുണ്ടെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നത് തനിക്ക് വലിയ ഇഷ്ടമാണെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഒരുതവണ മമ്മൂട്ടിയുടെ വീട്ടില്‍ പോയ സമയത്ത് താനും അദ്ദേഹവും വീണ്ടും ഒന്നിക്കുന്നു എന്ന് വാര്‍ത്ത വന്നിരുന്നെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.

‘പൃഥ്വിരാജിനെ വെച്ച് ഞാന്‍ സിനിമ ചെയ്യുന്നു എന്ന വാര്‍ത്തയില്‍ സത്യമില്ല. ഞങ്ങള്‍ തമ്മില്‍ ഒരു സിനിമ ചെയ്യാനുള്ള ഡിസ്‌കഷനിലാണ്. കഥയൊന്നും ഓക്കെയായിട്ടില്ല. കുറേ മുമ്പ് തൊട്ടേ ഞങ്ങള്‍ ഡിസ്‌കഷന്‍ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ഡിസ്‌കഷന്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ട് വരുന്ന റൂമറുകളാണ് ഇതൊക്കെ.

എനിക്ക് മമ്മൂക്കയുടെ വീട്ടില്‍ പോകാന്‍ നല്ല ഇഷ്ടമാണ്. ഇടയ്‌ക്കൊക്കെ പോകാറുമുണ്ട്. എന്നാല്‍ ഈയടുത്ത് ഞാന്‍ ഒരിക്കല്‍ മമ്മൂക്കയുടെ വീട്ടില്‍ പോയപ്പോള്‍ വന്ന വാര്‍ത്ത ‘ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു’ എന്നായിരുന്നു. അങ്ങനെയാണ് കാര്യങ്ങള്‍. പ്രൊജക്ടുകളൊന്നും ഫൈനലൈസായിട്ടില്ല,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Khalid Rahman about the rumors that he joining hands with Prithviraj

Latest Stories

We use cookies to give you the best possible experience. Learn more