|

ഇന്‍ട്രസ്റ്റിങ്ങായ ഒന്ന് ചെയ്യണമെന്ന താത്പര്യത്തിന് പുറത്താണ് ആ പരീക്ഷണചിത്രം ഞാന്‍ ചെയ്തത്: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഖാലിദ് റഹ്‌മാന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഖാലിദ് പിന്നീട് ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. നോണ്‍ ലീനിയറായി എടുത്ത തല്ലുമാല എന്ന ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലോകേഷ് കനകരാജ് അടക്കമുള്ള സംവിധായകര്‍ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തി.

ഖാലിദിന്റെ ഫിലിമോഗ്രഫിയില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു ചിത്രമാണ് ലവ്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊവിഡ് ടൈമില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഒ.ടി.ടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഉണ്ട പോലൊരു സോഷ്യല്‍ റെലവന്റായ ചിത്രത്തിന് ശേഷം ലവ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍.

വ്യത്യസ്തമായ ഴോണറുകള്‍ ചെയ്യണമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ഓരോ സിനിമയും ഇന്‍ട്രസ്റ്റിങ്ങാകണമെന്ന് മാത്രമേ താന്‍ ചിന്തിക്കാറുള്ളൂവെന്നും അങ്ങനെയാണ് ഓരോ പ്രൊജക്ടിനെയും സമീപിക്കുന്നതെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ലവ് എന്ന സിനിമയും അങ്ങനെയാണ് താന്‍ ചെയ്തതെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

എല്ലാ സിനിമയും ഒരുപോലെ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് വളരെ വേഗത്തില്‍ മടുപ്പ് തോന്നുമെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് തനിക്ക് വലിയൊരു വെല്ലുവിളിയാണെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു. അതിനെ മറികടക്കാനാണ് ഓരോ സിനിമയും വ്യത്യസ്ത ഴോണറില്‍ ചെയ്യുന്നതെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.

‘ഉണ്ട പോലെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമക്ക് ശേഷം ഞാന്‍ ചെയ്ത പടമാണ് ലവ്. കൊവിഡിന്റെ സമയത്തുണ്ടായിരുന്ന റെസ്ട്രിക്ഷന്‍സിന്റെ ഇടയിലാണ് ആ പടം കംപ്ലീറ്റ് ചെയ്തത്. ലവിന് മുമ്പ് ആ ഴോണറില്‍ ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇനി ചെയ്യുമോ എന്നും അറിയില്ല. എന്നെ സംബന്ധിച്ച് വ്യത്യസ്തമായ ഴോണറില്‍ പടം ചെയ്യണം എന്നതിനെക്കാള്‍ ഇന്‍ട്രസ്റ്റിങ്ങായ സബ്ജക്ടുകള്‍ ചെയ്യാനാണ് ആഗ്രഹം.

ഉണ്ടക്ക് ശേഷം അതേ ഴോണറില്‍ തന്നെ പടം ചെയ്താല്‍ ആളുകള്‍ക്ക് നമ്മളെ മടുക്കും. എല്ലാ പടത്തിലും ഇതേ കാര്യം തന്നെയല്ലേ ഇയാള്‍ പറയുന്നത് എന്ന് തോന്നും. വലിയൊരു വെല്ലുവിളിയാണത്. അതിനെ മറികടക്കുക എന്നതാണ് എന്റെ ലക്ഷ്യം. അല്ലാതെ എല്ലാ പടവും വേറെ വേറെ ഴോണറില്‍ ചെയ്യണമെന്ന നിര്‍ബന്ധമൊന്നും എനിക്കില്ല,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Khalid Rahman about Love movie

Video Stories