| Wednesday, 13th July 2022, 9:42 am

'കഴിഞ്ഞ ദിവസം എന്റെ മകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായി മാറി'; മകളെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് ഖാലിദ് ഹുസൈനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: മകള്‍ ട്രാന്‍സ് വ്യക്തിയായി മാറിയതിന്റെ സന്തോഷം പങ്കുവെച്ച് എഴുത്തുകാരന്‍ ഖാലിദ് ഹുസൈനി. ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ‘കഴിഞ്ഞ ദിവസം തന്റെ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറി’ എന്ന് തുടങ്ങുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരു പിതാവെന്ന നിലയില്‍ ഹാരിസിനെ കുറിച്ച് അത്രയേറെ അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ല. ഹാരിസ് എന്ന വ്യക്തിയെ കുറിച്ചാലോചിക്കുമ്പോള്‍ ഏറെ അഭിമാനിക്കുന്നുവെന്നും സന്തുഷ്ടനാണെന്നും ഖാലിദ് കുറിച്ചു. ജീവിക്കുക എന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച് പഠിപ്പിച്ചത് ഹാരിസാണെന്നും ഖാലിദ് പറഞ്ഞു.

ഒരു ട്രാന്‍സ് വ്യക്തിയാകുക എന്നത് ഹാരിസിനെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. പക്ഷേ ഹാരിയുടെ ധൈര്യവും തന്റെ സ്വത്വത്തെ തുറന്നുപറയാനെടുത്ത തീരുമാനവും പ്രചോദനമാണെന്നും ഖാലിദ് കുറിച്ചു.

‘കഴിഞ്ഞ ദിവസം എന്റെ മകള്‍ ഹാരിസ് ഒരു ട്രാന്‍സ് വ്യക്തിയായി മാറി. കഴിഞ്ഞ വര്‍ഷം മുതല്‍ ഹാരിസിന്റെ യാത്രയെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. വളരെ പ്രയാസം നിറഞ്ഞ പല സമയങ്ങളെയും അവള്‍ തരണം ചെയ്യുന്നത് ഞാന്‍ കണ്ടതാണ്. പരിവര്‍ത്തനം ഏറെ പ്രയാസമുള്ളതാണ്, മാനസികമായും ശാരീരികമായും സാമൂഹികമായും വൈകാരികമായും പ്രയാസമുള്ളതാണ്.

എന്നാല്‍ ഹാരിസ് കൃപയോടെയും ക്ഷമയോടെയും ജ്ഞാനത്തോടെയുമാണ് ഓരോ പ്രതിസന്ധികളേയും അഭിമുഖീകരിച്ചത്.

ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അവളെക്കുറിച്ച് ഇത്രയേറെ അഭിമാനിച്ച മറ്റൊരു നിമിഷമുണ്ടായിട്ടില്ല. എന്നാല്‍ സുന്ദരികളായ രണ്ട് പെണ്‍മക്കളുള്ളതില്‍ ഞാനിന്ന് അത്രമേല്‍ സന്തുഷ്ടനാണ്, എല്ലാത്തിനേക്കാളുമുപരി താന്‍ ഇതാണെന്നും തന്റെ സ്വത്വത്തെ വെളിപ്പെടുത്താനും ഹാരിസ് കാണിച്ച ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു.

അതെനിക്ക് പ്രചോദനമാണ്. സത്യത്തെക്കുറിച്ചും, ധൈര്യത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും ഞങ്ങളെ പഠിപ്പിച്ചത് ഹാരിസാണ്. ഈ യാത്ര അവള്‍ക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം. ഭയവും വിഷാദവും അവളുടെ മനസ്സിനെ കീഴ്‌പ്പെടുത്തിയിട്ടുണ്ടാകാം.
ഓരോ ദിവസും ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അവള്‍ക്ക് ദുഖമുണ്ടായിരുന്നു.

എനിക്കവള്‍ ഏറെ പ്രിയപ്പെട്ടതാണ്. എനിക്ക് എന്റെ മകളെ അത്രമേല്‍ ഇഷ്ടമാണ്. അവളുടെ യാത്രയിലെ ഓരോ ചുവടിലും ഞാനും കുടുംബവും അവള്‍ക്കൊപ്പം തന്നെയുണ്ടാകും. ഞങ്ങള്‍ അവള്‍ക്ക് മുമ്പിലല്ല നില്‍ക്കുന്നത് പിറകിലാണ്.

സുന്ദരിയായ, ബുദ്ധിമതിയായ, മിടുക്കിയായ സ്ത്രീയായി അവള്‍ ഈ ലോകത്തേക്ക് പ്രവേശിക്കുന്നത് കാണാന്‍ സാധിച്ചത് ഭാഗ്യമാണ്,’ ഖാലിദ് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Khaled Hosseini shares happiness as his daughter came out a transgender

We use cookies to give you the best possible experience. Learn more