| Tuesday, 26th July 2022, 3:55 pm

ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കിയത് മനുഷ്യ മനസാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയില്ല: ഖലീലുല്‍ ബുഖാരി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി മനുഷ്യ മനസാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഖലീലുല്‍ ബുഖാരി തങ്ങള്‍. തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യ ഘട്ടമായി ഈ മാസം 30ന് സെക്രട്ടറിയേറ്റിന് മുന്നിലും, കളക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കും. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അതൃപ്തി അറിയിക്കുമെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റത്. നിലവിലെ കളക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണു രാജ് ശ്രീറാമിന് ചുമതല കൈമാറി. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ഇന്ന് ചുമതലയേല്‍ക്കുന്നത്.

വെങ്കിട്ടരാമനെതിരെ ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. എന്നാല്‍ പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പ്രതികരിച്ചത്.

മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.

ശ്രീറാം പ്രതിയായ കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. ശ്രീറാമിനേക്കാള്‍ ജൂനിയറായ പല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും ഇതിനകം കളക്ടര്‍ പദവി നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേസിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും അധിക നാള്‍ മാറ്റിനിര്‍ത്താനാകില്ലെന്ന് പറയുമ്പോഴും മജിസ്ട്രേറ്റിന്റെ അധികാരമുള്ള കളക്ടര്‍ തസ്തിക നല്‍കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്.

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനം. എന്തിന് ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവയ്ക്കുന്നുവെന്നും സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വലിയ അഴിച്ചുപണിയാണ് ഐ.എ.എസ് തലപ്പത്ത് നടന്നത്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ് കളക്ടറാവും. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. എറണാകുളം കളക്ടറായിരുന്ന ജാഫര്‍ മാലിക് പി.ആര്‍.ഡി ഡയറക്ടറാകും.

Content Highlights: Khaleelul Bukhari Thangal against the appointment of Sreeram Venkitaraman as the District Collector

Latest Stories

We use cookies to give you the best possible experience. Learn more