| Tuesday, 25th October 2016, 1:28 pm

ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീ വെറുമൊരു 'മാംസശരീരം'; മുത്തലാഖിനുവേണ്ടി മഞ്ജുവാര്യരുടെയും ലിസിയുടെയും സരിതയുടെയും പട്ടികയുണ്ടാക്കുന്നത് പരിഹാസ്യം: ഖദീജ മുംതാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

“അവയൊക്കെ എങ്ങനെയാണ് മുത്തലാഖിന് സമാനമാകുന്നത്? പ്രത്യേകിച്ച് അവയിലധികവും പരസ്പരം ആലോചിച്ചും ജനാധിപത്യപരമായും നടന്നവയായിരിക്കുമ്പോള്‍!” അവര്‍ ചോദിക്കുന്നു.


കോഴിക്കോട്: മുത്തലാഖിനെ പ്രതിരോധിക്കാന്‍ സിനിമാ താരങ്ങളായ മഞ്ജുവാര്യരെയും ലിസിയെയും സരിതയെയും വരെ തലാഖ് ചൊല്ലപ്പെട്ട നിസ്സഹായരുടെ പട്ടികയിലേക്ക് നീക്കിനിര്‍ത്തുന്നത് പരിഹാസ്യമാണെന്ന് എഴുത്തുകാരി ഡോ: ഖദീജ മുംതാസ്. മുത്തലാഖിനെ പ്രതിരോധിച്ചു കൊണ്ട് നവമാധ്യമങ്ങളിലും മറ്റും നടക്കുന്ന ചര്‍ച്ചകളെ വിമര്‍ശിച്ചുകൊണ്ടാണ് ഖദീജ മുംതാസ് ഇങ്ങനെ പറഞ്ഞത്.

ദേശാഭിമാനിയിലെഴുതിയ “സ്ത്രീപക്ഷത്തുതന്നെ; മനുഷ്യപക്ഷത്തും” എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഖദീജമുംതാസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

“അവയൊക്കെ എങ്ങനെയാണ് മുത്തലാഖിന് സമാനമാകുന്നത്? പ്രത്യേകിച്ച് അവയിലധികവും പരസ്പരം ആലോചിച്ചും ജനാധിപത്യപരമായും നടന്നവയായിരിക്കുമ്പോള്‍!” അവര്‍ ചോദിക്കുന്നു.


Also Read: ദളിത് സമ്മേളനം കൊണ്ട് ‘അശുദ്ധ’മായ ഉഡുപ്പിയില്‍ പുണ്യാഹം തളിച്ചത് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയുടെ ഉദ്ഘാടകന്‍


വിവാഹമോചനം ഏറ്റവും കുറഞ്ഞ ശതമാനം ഇസ്‌ലാമില്‍, ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ ഹിന്ദുസമുദായത്തില്‍, അസാന്മാര്‍ഗിക ബന്ധങ്ങളേറെ അമുസ്‌ളിങ്ങളില്‍ എന്നിങ്ങനെയുള്ള വാദങ്ങള്‍ മുന്നോട്ടുവെച്ച് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ് ചര്‍ച്ചകളിലും നവമാധ്യമങ്ങളിലും നിരന്തരം കാണുന്നത്.

“വിവാഹമോചനം ഒട്ടും ആഗ്രഹിക്കാത്ത സമൂഹമെങ്കില്‍, ബഹുഭാര്യത്വം ഏറ്റവും കുറച്ചുമാത്രം പ്രാക്ടീസ് ചെയ്യുന്നവരെങ്കില്‍ എന്തിന് നിയമങ്ങള്‍ നിലനിര്‍ത്തണമെന്നുമാത്രം വാശി?” അവര്‍ ചോദിക്കുന്നു.

ഏറെ ന്യായവും തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കും തലാഖ് ചൊല്ലിയ പുരുഷനും ഭാവിയെപ്പറ്റി തീരുമാനങ്ങളും കരുതലുകളുമെടുക്കാനും ബന്ധുക്കളെ ഉള്‍പ്പെടുത്താനും സാവകാശം നല്‍കുന്ന വിവാഹമോചനരീതിയാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇത്തരമൊരു രീതിയെയാണ് ലഹരിക്കടിമയായിരുന്നു കൊണ്ടുപോലും മൂന്നുവട്ടം തലാഖ് ഒരുമിച്ച് ചൊല്ലിപ്പോയാല്‍ സ്ത്രീ അപമാനിതയും തിരസ്‌കൃതയുമായി ഇറങ്ങിപ്പോരേണ്ടിവരുന്ന മുത്തലാഖ് സമ്പ്രദായമായി നിലനിര്‍ത്തിപ്പോരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


Read More: മുസ്‌ലിയാരുടെ മഴത്തുള്ളി പ്രസംഗം; ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?


“സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനുകൂടി ഉദ്ദേശിച്ച് കല്‍പ്പിക്കപ്പെട്ട പുനര്‍വിവാഹ നിര്‍ദേശത്തെ പരിഹാസ്യമാക്കി, അവളെ ഒറ്റദിവസത്തേക്ക് ഒരു “വാടകക്കാരനെ”ക്കൊണ്ട് പേരിന് കെട്ടിച്ച് പിറ്റേന്ന് മൊഴിചൊല്ലിച്ച്, മുത്തലാഖിനുശേഷം ഭൂതോദയമുണ്ടായ പുരുഷന് “ഹലാലാ”ക്കിയെടുക്കുന്ന കാടന്‍രീതിയും കൊണ്ടുവരപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആത്മാഭിമാനാവകാശമുള്ള മുസ്‌ലിം സ്ത്രീ ഇവിടെ വെറുമൊരു “മാംസശരീരം” മാത്രമായി ഒതുങ്ങിപ്പോകുന്നത് കാണുക” അവര്‍ വിശദീകരിക്കുന്നു.

മുസ്‌ലിം പുരുഷന് വിവാഹമോചനം നേടാന്‍ കാരണം വേണ്ടയെന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും ഖദീജ മുംതാസ് ചൂണ്ടിക്കാട്ടുന്നു. ഇതിനായി അവര്‍ കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ “സ്ത്രീയും നിയമവും” എന്ന പുസ്തകത്തിലെ ചില പ്രതിപാദ്യങ്ങള്‍ ഉദാഹരിച്ചിട്ടുമുണ്ട്.


Shocking News: ജെ.എന്‍.യു വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍


“കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സ്ത്രീയും നിയമവും എന്ന പുസ്തകത്തില്‍ ഇസ്‌ലാം മതത്തില്‍ വിവാഹമോചനം നേടാന്‍ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും കാര്യത്തില്‍ “വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍” എന്നാണ് ഉപശീര്‍കം. എന്നാല്‍ മുസ്‌ലിം വിവാഹനിയമത്തിന്റെ അധ്യായത്തില്‍ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം ലഭിക്കാന്‍ വേണ്ട കാരണങ്ങള്‍ എന്നും. മുസ്‌ളിം പുരുഷന് കാരണങ്ങള്‍ വേണ്ട എന്നര്‍ഥം; കോടതിയും വേണ്ട, നിയമങ്ങളും വേണ്ട. ഒരു കാരണവും പറയുകയോ അറിയിക്കുകയോ ചെയ്യാതെ മൂന്നുവട്ടം ഇതാ നിന്നെ ഞാന്‍ തലാഖ് (പുരുഷ തീരുമാനമനുസരിച്ചുള്ള വിവാഹബന്ധം വേര്‍പെടുത്തല്‍ പ്രഖ്യാപനം) ചൊല്ലിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചാല്‍ മതി.” അവര്‍ വിശദീകരിക്കുന്നു.

ഇസ്‌ലാമിക ശരീഅത്ത് അതേപടി പിന്തുടരുന്നത് മുസ്‌ലിം രാജ്യങ്ങളില്‍ സാര്‍വ്വത്രികമല്ല. എന്നാല്‍ ആ രാജ്യങ്ങളൊന്നും യഥാര്‍ത്ഥ മുസ്‌ലിം രാജ്യങ്ങളല്ല എന്നു പറഞ്ഞുകൊണ്ടാണ് ഇന്ത്യയില്‍ നിയമം നിലനിര്‍ത്തണമെന്ന് വാദിക്കുന്നതെന്നും ഖദീജ മുംതാസ് ചൂണ്ടിക്കാട്ടുന്നു.

“പാകിസ്ഥാനിലും ബംഗ്ലാദേശിലും തുര്‍ക്കിയിലും തുനീഷ്യയിലും പരിഷ്‌കരിക്കപ്പെട്ട വിവാഹമോചന, ബഹുഭാര്യത്വ നിയമങ്ങള്‍ ഇന്ത്യയില്‍ ഒരു പരിഷ്‌കരണവുമില്ലാതെ നിലനിര്‍ത്തണമെന്ന് പറയുന്നവരുടെ വാദം. ആ രാജ്യങ്ങളൊന്നും യഥാര്‍ഥ മുസ്‌ളിം രാജ്യങ്ങളല്ല എന്നാണ്. എങ്കില്‍ ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര മതേതര രാജ്യത്തിനുമാത്രം അക്കാര്യത്തില്‍ എന്ത് ഉത്തരവാദിത്തമാണുള്ളത്?” അവര്‍ ചോദിക്കുന്നു.

മുത്തലാഖും നാലുകെട്ടലും നിയമപരമായി നിലനിര്‍ത്തിയില്ലെങ്കില്‍ മുസ്‌ലീമായി ജീവിക്കാനാകില്ലെന്ന കടുംപിടിത്തം തികച്ചും ന്യൂനപക്ഷവിരുദ്ധമായ ഒരു ഏകശിലാ സിവില്‍കോഡിന്റെ അടിച്ചേല്‍പ്പിക്കലിലേക്കേ നയിക്കൂവെന്ന സത്യം വിസ്മരിക്കപ്പെടുകയുമാണെന്നും അവര്‍ ദേശാഭിമാനി ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

We use cookies to give you the best possible experience. Learn more