തിരുവനന്തപുരം: പുതുതലമുറയെ ഖാദിയിലേക്ക് ആകര്‍ഷിക്കാനായാണ് 2018ല്‍ ഖാദി ബോര്‍ഡ് സഖാവ് എന്ന ബ്രാന്റ് നെയിമോടു കൂടി ഖാദി ഷര്‍ട്ടുകള്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ സഖാക്കള്‍ക്ക് പോലും വേണ്ടാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സഖാവ് ഷര്‍ട്ടുകള്‍.
വ്യവസായ മന്ത്രിയായ പി. രാജീവ് നിയമസഭയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 700 മുതല്‍ 1000 രൂപ വരെയായിരുന്നു സഖാവ് ഷര്‍ട്ടുകളുടെ വില. ഇത്തരത്തില്‍ 1131 ഷര്‍ട്ടുകള്‍ മാത്രമാണ് വിറ്റുപോയത് എന്നാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചത്. തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് പി. രാജീവ് ഇക്കാര്യം അറിയിച്ചത്.
സഖാവിന് പുറമെ ഖാദി കൂള്‍, ലീഡര്‍, മില്ലെനി, സമ്മര്‍ കൂള്‍, സുന്ദരിപ്പട്ട്, പയ്യന്നൂര്‍ പട്ട്, ശ്രീകൃഷ്ണപുരം പട്ട്, അനന്തപുരി സില്‍ക്സ് തുടങ്ങി ഒട്ടേറെ ബ്രാന്റ് നെയിമുകള്‍ ഖാദി ബോര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും, ഖാദി ഉത്പന്നം എന്ന നിലയില്‍ പൊതുജനങ്ങല്‍ക്കിടയില്‍ പ്രചാരണം മാത്രമാണ് ഇതിലൂടെ ലക്ഷ്യമാക്കിയതെന്നും വ്യവസായ മന്ത്രി ഉത്തരത്തില്‍ വ്യക്തമാക്കി.
പുതുതലമുറയെ ഖാദി വസ്ത്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സഖാവ് ഷര്‍ട്ടുകള്‍ പുറത്തിറക്കുന്നത് എന്നാണ് ഖാദി ബോര്‍ഡ് മേധാവിയായിരുന്ന ശോഭന ജോര്‍ജ് അന്ന് പറഞ്ഞിരുന്നത്. ഖാദി പര്‍ദകള്‍ക്ക് ലഭിച്ച സ്വീകാര്യതയും സഖാവ് ഷര്‍ട്ടുകള്‍ എന്ന ആശയത്തിന് കാരണമായി എന്നും അവര്‍ പറഞ്ഞു.
എന്നാല്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രളയവും കൊവിഡ് രോഗവ്യാപനവും കാരണമാണ് വില്‍പനയില്‍ ഗണ്യമായ കുറവ് ഉണ്ടായതെന്നാണ് ഖാദി ബോര്‍ഡ് സെക്രട്ടറിയായ കെ.എ. രതീഷ് പറയുന്നത്.
സ്വകാര്യ പങ്കാളിത്തത്തോട് കൂടി താലൂക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.