ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പ്; എം.ഇ.എസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു
niqabban
ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പ്; എം.ഇ.എസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 11:06 am

 

കാസര്‍ഗോഡ്: എം.ഇ.എസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി. മീറ്റിംഗ് ചേരാതെ ജില്ലാകമ്മിറ്റിക്കു വേണ്ടി പ്രസ്താവന ഇറക്കിയതും മുഖം മറക്കുന്നത് സംബന്ധിച്ച് എം.ഇ.എസ് സംസ്ഥാന സമിതി തീരുമാനം എടുത്തിരുന്ന കാര്യം അന്വേഷിക്കാതെ തന്നെ സംസ്ഥാന പ്രസിഡന്റിനെതിരായി പ്രസ്താവനയിറക്കിയതും തെറ്റാണെന്നും  ഖാദര്‍ മാങ്ങാട് പറഞ്ഞു.

ഇതിന്റെ പേരില്‍ കമ്മിറ്റിയില്‍ കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഞാന്‍ എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നു എന്നും കാദര്‍ മാങ്ങാട് അറിയിച്ചു.

അഭിപ്രായങ്ങള്‍ ഉള്ളിടത്തു അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണല്ലോ. നല്ലചര്‍ച്ചകള്‍ ആരോഗ്യകരമായ ജനാധിപത്യ വളര്‍ച്ചക്ക് ഉപകരിക്കും. പ്രസ്താവന എന്റെ സമ്മതത്തോടു കൂടിതന്നെയാണ്. ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണു എന്റെ പ്രശ്‌നം. മുഖം മറക്കാനോ മറക്കാതിരിക്കാനോ സ്വാതന്ത്രമുണ്ടാകണം എന്നതാണ് എന്റെ നിലപാട് എന്നും കാദര്‍ മാങ്ങാട് രാജിക്കത്തില്‍ പറഞ്ഞു.

കാസര്‍ഗോഡ് ജില്ലാ എം.ഇ.എസ് കമ്മിറ്റി നിഖാബ് നിരോധിച്ച നടപടിക്കെതിരെ വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് എം.ഇ.എസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗവും ലീഗല്‍ അഡൈ്വസറുമായ ശുക്കൂര്‍ വക്കീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്ന് പിന്നാലെയാണ് കാദര്‍ മാങ്ങാട് രാജിവെച്ചത്. എം.ഇ.എസ് ഇറക്കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട ഒരു യോഗം ചേരുകയോ അത് സംബന്ധമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും ശുക്കൂര്‍ പറഞ്ഞിരുന്നു.

എന്നാല്‍ എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ ഖാദര്‍ മാങ്ങാട്, സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ.ഹമീദ് ഹാജി എന്നിവര്‍ ചേര്‍ന്ന് വ്യക്തിപരമായി ഒരു പ്രസ്താവന പുറപ്പെടുവിച്ചതായി കാണുന്നുണ്ട്. ആ പ്രസ്താവന എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെതല്ല. ജില്ലാ കമ്മിറ്റിയില്‍ ഞാനടക്കം പലര്‍ക്കും സര്‍ക്കുലറിനോട് യോജിപ്പാണുള്ളത്. അതുകൊണ്ടുതന്നെ ജില്ലാ കമ്മിറ്റി ഫസല്‍ ഗഫൂറിനു എതിരാണെന്ന വാര്‍ത്ത സത്യ വിരുദ്ധമാണെന്ന് അറിയിക്കുന്നെന്നുമായിരുന്നു ശുക്കൂര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കാദര്‍ മാങ്ങാടും ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ ഹമീദ്ഹാജി എന്നിവരും ഒപ്പ് വെച്ച പ്രസ്താവന ഇറക്കിയത്. നിഖാബ് നിരോധിച്ചത് ഡോ.ഫസല്‍ ഗഫൂറിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും എം.ഇ.എസിന്റെ മുഴുവന്‍ നിലപാടല്ലെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് 30ന് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളെജില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലോ ഏപ്രില്‍ എട്ടിന് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളെജില്‍ നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇ.കെ സുന്നി അടക്കമുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ സ്ത്രീകളെ മുഖം മറപ്പിക്കുക എന്നത് ശരിയല്ല എന്നാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും വിഷയം മതസംഘടനകളോട് കൂടിയോലോചിക്കേണ്ട കാര്യമില്ലെന്നും ഫസല്‍ ഗഫൂര്‍ മത സംഘടനകളോട് പറഞ്ഞിരുന്നു. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.