എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശം
Kerala
എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 11:01 am

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് നിര്‍ദേശവുമായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ഖാദര്‍ കമ്മിറ്റി.

പി.എസ്.സി അല്ലെങ്കില്‍ നിയമനം നടത്താന്‍ പ്രത്യേക ബോര്‍ഡ് രൂപികരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നിര്‍ദേശങ്ങളില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

സ്‌കൂള്‍ പ്രവര്‍ത്തി സമയം രാവിലെ എട്ട് മുതല്‍ ഒരു മണിയായി ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ രാവിലെ ഒന്‍പതര മുതല്‍ മൂന്നര വരെയോ,10 മണി മുതല്‍ 4 മണി വരെയോ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ നിലവില്‍ ആലോചനയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചത്.

എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കുക, അധ്യാപക നിയമനത്തിന് അഭിരുചി മാത്രം പരിഗണിക്കാതെ കഴിവും ശേഷിയും കൂടി മാനദണ്ഡമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ അധ്യാപക നിയമനങ്ങളെക്കുറിച്ചുള്ള വിമര്‍ശനം പങ്കുവെക്കുന്ന റിപ്പോര്‍ട്ടില്‍ അധ്യാപന രീതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ശുപാര്‍ശയുണ്ട്.

രണ്ടാം തലമുറ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ അധ്യാപകരെ സജ്ജമാക്കുക, സിലബസ്സ് മാത്രം പഠിപ്പിച്ച് പോകുന്ന രീതിയില്‍ മാറ്റം വരുത്തുക എന്നിവ ഇവയില്‍ പ്രധാനമാണ്.

അധ്യാപകരുടെ യോഗ്യതയുടെ കാര്യത്തിലും കമ്മിറ്റി മാറ്റം നിഷ്‌കര്‍ശിക്കുന്നുണ്ട്. സെക്കണ്ടറി ക്ലാസുകളിലെ നിയമന യോഗ്യത കുറഞ്ഞത് ബിരുദാനന്തര ബിരുദം ആക്കി മാറ്റാനും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നുണ്ട്.

Content Highlight: Khader Commettee Report and Aides School Teachers Apppoinment