| Sunday, 16th July 2023, 8:08 am

സി.പി.ഐ.എം സെമിനാറില്‍ സംസാരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരം നല്‍കിയില്ല: ഖദീജ മുംതാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെയുള്ള സി.പി.ഐ.എം സെമിനാറില്‍ സംസാരിക്കാന്‍ അവസരം തന്നില്ലെന്ന് എഴുത്തുകാരി ഖദീജ മുംതാസ്. സെമിനാറില്‍ മുസ്‌ലിം സ്ത്രീകളെ പങ്കെടുപ്പിക്കാത്തത് തെറ്റാണെന്നും മത നേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പിണങ്ങുമെന്നുള്ള ഭയം ഉണ്ടാകാമെന്നും ഖദീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുസ്‌ലിം സ്ത്രീകളെ ചൂണ്ടിക്കൊണ്ടാണ് മോദി സിവില്‍ കോഡ് വേണമെന്ന് പറയുന്നതെന്നും അതുകൊണ്ട് മുസ്‌ലിം സ്ത്രീയുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

’15ാം തിയ്യതിയിലെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നു. സെമിനാറുമായി ബന്ധപ്പെട്ട് ആലോചന യോഗം നടക്കുന്നുണ്ടെന്നും വന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. ഞാന്‍ ആലോചനയോഗത്തില്‍ പങ്കെടുത്തിരുന്നു.

മുസ്‌ലിം സ്ത്രീകളെ ചൂണ്ടിക്കൊണ്ടാണ് മോദി സിവില്‍ കോഡ് വേണമെന്ന് പറയുന്നത് തന്നെ. അനുഭവിക്കുന്നത് മുസ്‌ലിം സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി അത് പറയുന്നത്. ആ സമയത്ത് തീര്‍ച്ചയായും മുസ്‌ലിം സ്ത്രീയുടെ ഭാഗം കേള്‍ക്കേണ്ടതുണ്ട്.

സിവില്‍ കോഡ് വേണ്ടെന്ന് വെറുതെ പറയുകയല്ലാതെ ഇതല്ല ബദല്‍, വ്യക്തി നിയമ പരിഷ്‌കാരമാണെന്ന് പറയുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സ്ത്രീ സംഘടനകളുടെയുമൊക്കെ ഉത്തരവാദിത്തം. മതനേതൃത്വങ്ങളെ അതിന് പ്രേരിപ്പിക്കുക എന്നത് കൂടി അവരുടെ ഉത്തരവാദിത്തമാണ്.

ഇതാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് ഞാന്‍ പറയുകയുണ്ടായി. എന്നാല്‍ അത്തരത്തിലുള്ള പ്രാധാന്യം അവര്‍ തന്നില്ല. എന്നെ വിളിച്ചപ്പോള്‍ തന്നെ ഇതാണ് ഞാന്‍ മുന്നോട്ട് വെക്കുന്നതെന്ന് പറഞ്ഞിരുന്നു. സിവില്‍ കോഡിനെ എതിര്‍ക്കുന്നതിനൊപ്പം തന്നെ എനിക്ക് ഒരു വ്യത്യസ്ത അഭിപ്രായമാണുള്ളത്. എന്നാല്‍ അത് സംസാരിക്കാന്‍ ഒരു അവസരം തന്നില്ല.

കാനത്തില്‍ ജമീലയും പി.കെ. സൈനബയുമെല്ലാം ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ്. ഒരു പക്ഷേ ഇവര്‍ സംസാരിച്ച് കഴിഞ്ഞാല്‍ മത നേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പിണങ്ങും എന്നുമുള്ള ഭയം അവര്‍ക്ക് ഉണ്ടാകാം.

സെമിനാറില്‍ മുസ്‌ലിം സ്ത്രീകളെ പങ്കെടുപ്പിക്കാത്തത് തെറ്റാണ്. അത് തിരുത്തുമെന്ന് തോന്നുന്നു. എനിക്ക് ഇടതുപക്ഷത്തില്‍ പ്രതീക്ഷയുണ്ട്. സിവില്‍ കോഡ് രാഷ്ട്രീയ സ്റ്റണ്ടാണെന്ന് മിക്കവാറും ആളുകള്‍ക്ക് അറിയാം. ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരായിട്ടുള്ള മൂവ്‌മെന്റ് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പക്ഷേ ഈ ഒരു വിഷയം എടുക്കുന്നുണ്ടെങ്കില്‍ വ്യക്തിനിയമ പരിഷ്‌കാരവും പറഞ്ഞുകൊണ്ടേയിരിക്കണം,’ ഖദീജ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചാണ് സി.പി.ഐ.എം സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സി.പി.ഐ. എം.എല്‍.എ വിജയന്‍, കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് ജോസ് കെ മാണി, എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി ഐ.എന്‍.എല്‍ നേതാവ് പ്രൊ. എ.പി അബ്ദുള്‍ വഹാബ്, ജെ.ഡി.എസ് നേതാവ് പി.എം സഫറുള്ള താമരശ്ശേരി രൂപത പ്രതിനിധി ഫാ. ജോസഫ് കളരിക്കല്‍, , കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍, സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി, സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി തുടങ്ങിയവര്‍ സംവദിച്ചു.

content highlights: khadeeja mumthas about cpim seminar

We use cookies to give you the best possible experience. Learn more