| Friday, 28th June 2019, 2:37 pm

സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്‌റ്റേ നീക്കില്ലെന്ന് ഹൈക്കോടതി; കെ.ഇ.ആറില്‍ ഭേദഗതി വരുത്താം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള സ്റ്റേ നീക്കില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരാണ് സ്‌റ്റേ പൂര്‍ണമായും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കെ.ഇ.ആറില്‍ ഭേദഗതി വരുത്തുന്നതില്‍ തടസമില്ലെന്നും കോടതി അറിയിച്ചു.

റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് മുമ്പ് ആക്ഷേപമുന്നയിച്ച എല്ലാവരെയും കേള്‍ക്കണം. നിലവിലുള്ള സംവിധാനങ്ങള്‍ തുരാമെന്നും കോടതി വ്യക്തമാക്കി.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പ്ലസ്ടു വരെയുള്ള പാഠ്യപദ്ധതി മെച്ചപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതിയായ ഖാദര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹരജിയിലായിരുന്നു നടപടി. റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ രണ്ട് മാസത്തേക്കായിരുന്നു സ്റ്റേ ചെയ്തത്. തുടര്‍ന്ന് ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സംയോജനത്തിന് തുടക്കം കുറിച്ചെങ്കിലും ഹൈക്കോടതിയുടെ സ്റ്റേ മൂലം നടപടികള്‍ നിലച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമര്‍പ്പിച്ചത്.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനും നായര്‍ സര്‍വീസ് സൊസൈറ്റിയുമടക്കം നല്‍കിയ ഹരജികളിലാണ് ജൂണ്‍ 17ന് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല സ്റ്റേ ഉത്തരവുണ്ടായത്. പ്രതിപക്ഷ അധ്യാപക സംഘടനകളും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സര്‍വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more