മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍
Daily News
മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2017, 3:59 pm

തിരുവനന്തപുരം: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. പെന്‍ഷന്‍ പ്രായം 62 ആക്കി ഉയര്‍ത്താനുള്ള നീക്കത്തിനെതിരെയാണ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയത്.


Also Read: ഈനയങ്ങള്‍ ഞങ്ങള്‍ യുവാക്കളുടെ നെഞ്ചത്താണടിക്കുന്നത്: പിണറായി സര്‍ക്കാറിന്റെ ആരോഗ്യനയത്തില്‍ യുവ ഡോക്ടറുടെ വിയോജനക്കുറിപ്പ്


2009 ല്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 60 ആക്കി ഉയര്‍ത്തിയതിനുശേഷം ഇത്തരത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി ഉണ്ടാവരുതെന്ന് കെ.ജി.എം.സി.റ്റി.എ ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാല്‍ ഡോക്ടര്‍മാരുടെയോ മറ്റു സര്‍വീസ് സംഘടനകളുമായോ ആലോചിക്കാതെ ഏകപക്ഷീയമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

വിരമിക്കല്‍പ്രായം ഉയര്‍ത്തി, പ്രൊഫസര്‍മാരെ സര്‍വ്വീസില്‍ നിലനിര്‍ത്തുന്നത് ജൂനിയര്‍ ഫാക്കല്‍റ്റികളുടെ പ്രൊമോഷന്‍ സാധ്യതകളും എന്‍ട്രി കേഡര്‍ അപ്പോയ്ന്റ്‌മെന്റുകളും ഇല്ലാതാക്കുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും പറഞ്ഞ അസോസിയേഷന്‍ അതുകൊണ്ട് തന്നെ പ്രമോഷന്‍, സാധ്യതകള്‍ പ്രതീക്ഷിച്ചു സര്‍വീസില്‍ തുടരുന്ന ഡോക്ടര്‍മാരെയും എന്‍ട്രി കേഡറിലുള്ള യുവ ഡോക്ടര്‍മാരെയും പ്രതിസന്ധിയിലാക്കുമെന്നും പറയുന്നു.

 

തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ ആശ്രയിക്കുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആകാത്തതുമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളോജുകളുടെ അംഗീകാരം നഷ്ടപ്പെടാന്‍ കാരണമായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും കുറവുകൊണ്ടാണെന്നും മറ്റു സംസ്ഥാനങ്ങളിലെ വിരമിക്കല്‍ പ്രായവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ പറഞ്ഞു.