വിനായകൻ വിട്ടുകളഞ്ഞ വലിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് കാസർഗോൾഡ് സിനിമയുടെ സംവിധായകൻ മൃദുൽ നായർ.
കാസർഗോൾഡിന്റെ ഷൂട്ടിങ്ങിനിടെ വിനായകനോട് സംസാരിച്ചപ്പോഴാണ് വിട്ടുകളഞ്ഞ സിനിമകളെക്കുറിച്ച് തന്നോട് പറഞ്ഞെതെന്നായിരുന്നു മൃദുൽ മീഡിയ വൺ ലൈവിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘വിനായകൻ ചേട്ടനോട് ഞാൻ ഷൂട്ടിങ് സമയത്ത് ചോദിച്ചു ഏതാ അടുത്ത പടമെന്ന്, ഇപ്പോൾ ഒന്നും ചെയ്യുന്നില്ല ജയ്‌ലർ ഇറങ്ങട്ടെ എന്നായിരുന്നു മറുപടി. ഒരു മൂന്നു നാല് പടം വിട്ടെന്നും വിനായകൻ ചേട്ടൻ പറഞ്ഞു. ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ കെ.ജി.എഫ് 2 , പി.എസ്.വൺ, പി.എസ് 2, ആർ.ആർ.ആർ എന്നിവയൊക്കെയാണെന്നായിരുന്നു മറുപടി. ഞാൻ ചോദിച്ചു ചേട്ടാ അതൊക്കെ എന്തുകൊണ്ടാണ് ഒഴിവാക്കിയെന്ന്, ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ അങ്ങനെയൊക്കെ പോകട്ടെ എന്നായിരുന്നു വിനായകൻ ചേട്ടന്റെ മറുപടി.
പുള്ളിക്ക് പുള്ളിയുടേതായ ഒരു വഴിയുണ്ട്. ലോകം കുത്തി മറിഞ്ഞാലും ചേട്ടൻ അങ്ങനെയേ പോകു,’ മൃദുൽ പറഞ്ഞു.
കാസര്‍ഗോള്‍ഡിന്റെ ഷൂട്ടിനിടെ ജയിലറിലേക്ക് വിളിവന്നിട്ടും വിനായകന്‍ പോകാതിരുന്നതിനെ കുറിച്ച് നടന്‍ ആസിഫ് അലിയും അഭിമുഖത്തില്‍ സംസാരിച്ചു.
അദ്ദേഹം ആ സമയത്ത് പോയിരുന്നെങ്കില്‍ ഈ സിനിമയുടെ പ്രൊഡക്ഷന്‍ തന്നെ നിന്ന് പോയേക്കാവുന്ന അവസ്ഥ വരുമായിരുന്നെന്നും അവിടെ അദ്ദേഹം കാണിച്ച പ്രൊഫഷണലിസം വലുതായിരുന്നെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്.
‘വിനായകൻ ചേട്ടന്റെ പ്രതേകത തന്നെ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഷോ ഓഫ് ആഗ്രഹിക്കാത്ത ഒരാളാണ് എന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായം തുറന്ന് പറയുമ്പോൾ പലപ്പോഴും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം റിയാക്ഷനാണ്, ജെനുവിന് റിയാക്ഷനാണ്.
ഈ സിനിമയുടെ ഫൈറ്റ് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ രജനീകാന്തുമായിട്ട് അദ്ദേഹം ഫൈറ്റ് ചെയ്ത ചില കഥകൾ എന്റെ അടുത്ത് പറഞ്ഞിരുന്നു. ഞാൻ കേൾക്കുന്നത് രജനീകാന്തുമായിട്ട് ഫൈറ്റ് ചെയ്ത കഥകളാണ്, മൂപ്പർക്ക് അതൊന്നും ഒരു എക്സൈറ്റ്മെന്റുമല്ല.
കാസർഗോൾഡ് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ജെയ്‌ലറിന്റെ ഒരു ഡേറ്റ് ക്ലാഷ് വന്നിട്ട് വിനായകൻ ചേട്ടൻ ഒരു വിളിവന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇല്ല ഞാൻ ഇപ്പോൾ ഒരു സിനിമ കമ്മിറ്റ് ചെയ്ത് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകകയാണ്, ആ സിനിമക്ക് ഏഴ് ദിവസം കൂടി ഇവിടെ ആവശ്യമുണ്ട്, അത് കഴിഞ്ഞിട്ടേ ഞാൻ വരുകയുള്ളു എന്നാണ്.
ഡേറ്റ് ഇഷ്യൂ വന്നേക്കാം ഈ പ്രൊഡക്ഷൻ നിന്ന് പോയേക്കാം, കാരണം ഒരു രജനികാന്ത് സിനിമയിലേക്കാണ് അദ്ദേഹം പോവാൻ പോവുന്നത്. അദ്ദേഹം പോവണമെന്ന് പറഞ്ഞാൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പക്ഷെ അയാൾ കാണിച്ച പ്രൊഫഷണലിസം അവിടെയാണ്. ഞാൻ ഇരിക്കുമ്പോഴാണ് അദ്ദേഹം വിളിച്ച് പറയുന്നത്. ഏഴ് ദിവസം കൂടെ ഞാൻ ഇവിടെ ഡേറ്റ് കൊടുത്തിട്ടുണ്ട്. ആ ഏഴു ദിവസത്തെ ഷൂട്ട് കഴിഞ്ഞിട്ട് ഒരു ദിവസം കൂടെ പാച്ച് വരുകയാണെകിൽ അത് കൂടെ കഴിഞ്ഞിട്ടേ ഞാൻ വരുകയുള്ളു എന്നദ്ദേഹം പറഞ്ഞു.
അത് വിനായകൻ ചേട്ടന്റെ വലിയ ക്വാളിറ്റിയാണ്. ചില സമയത്ത് അദ്ദേഹം ഒന്നും മിണ്ടില്ല, ചിലപ്പോൾ ഒരുപാട് സംസാരിക്കും. എന്നാൽ ക്യാമറയുടെ മുന്നിലേക്ക് വരുമ്പോൾ ഇദ്ദേഹം വൈൽഡ് ആണ്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: KGF, Ponniyin Selvan, RRR; Director Mridul Nair on the films that Vinayakan left out