IPL
ആര്‍.സി.ബിയില്‍ റോക്കി ഭായിക്ക് എന്തുകാര്യം?
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 18, 10:38 am
Monday, 18th April 2022, 4:08 pm

ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്. ചാപ്റ്റര്‍ 2. കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ കഥ പറഞ്ഞ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറ്റം തുടരുകയാണ്.

സിനിമാ ലോകത്ത് മാത്രമല്ല, കായിക ലോകത്തും റോക്കി ഭായ് തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം കണ്ടത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാമ്പില്‍ കഴിഞ്ഞ ദിവസം കെ.ജി.എഫ് ചാപ്റ്റര്‍ 2 പ്രദര്‍ശിപ്പിച്ചിരുന്നു. ആര്‍.സി.ബി തങ്ങളുടെ ബയോ ബബിളിനുള്ളില്‍ സ്‌പെഷ്യല്‍ പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ആര്‍.സി.ബി തന്നെയാണ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

 

ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 500 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ പോക്ക് പോയാല്‍ അധികം വൈകാതെ 1000 കോടി ക്ലബ്ബിലേക്ക് ചിത്രം എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളില്‍ കളക്ഷന്‍ റെക്കോഡ് ഇട്ട കെ.ജി.എഫിന് തമിഴില്‍ മാത്രമാണ് റെക്കോഡിടാനാവാത്തത്.

തമിഴ്നാട്ടിലെ മിക്ക സ്‌ക്രീനുകളിലും വിജയുടെ ബീസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കെ.ജി.എഫിന് കളക്ഷനില്‍ ചെറിയ കുറവുണ്ടായത്.

സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍ യഷിന് പുറമെ സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏതായാലും ചിത്രം കണ്ട ത്രില്ലിലാണ് ആര്‍.സി.ബി ക്യാമ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേ ആവേശത്തില്‍ അടുത്ത മത്സരത്തിനിറങ്ങാനും വിജയം സ്വന്തമാക്കാനുമാണ് ടീം ഇറങ്ങിത്തിരിക്കുന്നത്.

ഏപ്രില്‍ 19നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ലഖനൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: KGF Chapter 2 special screening at RCB bio bubble